ഈ അധ്യാപകദിനത്തിൽ ഈ രണ്ടുപേരുടെ യാതനക്ക് ആര് മറുപടി പറയും? കള്ളപ്പരാതിക്കാരെ എസ്എഫ്ഐ തള്ളിപ്പറയുമോ

നാളെ തിരുവോണവും അധ്യാപക ദിനവുമാണ്. ഈ വർഷം സംസ്ഥാനത്തെ രണ്ട് അധ്യാപകർ അനുഭവിച്ച യാതനകൾ ഓർക്കാതെ നമുക്ക് ഓണസദ്യ കഴിക്കാനാവില്ല. രണ്ട് അധ്യാപകർക്കും അവരുടെ വിദ്യാർത്ഥികളാണ് ക്രൂരമായ ‘ഗുരുദക്ഷിണ’ നല്കി ആദരിച്ചത്. രണ്ടുപേരെയും കള്ളക്കേസ് എടുത്ത് ജയിലിലടയ്ക്കാൻ കാരണമായത് ശിഷ്യകളുടെ കള്ള പരാതികളാണ്. ഒരാൾ ഏഴു വർഷവും മറ്റേയാൾ പതിനൊന്നു വർഷവും യാതനാപൂർണമായ ജീവിതം നയിച്ചു.
കോട്ടയം കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി ഡി ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി നൽകിയ ലൈംഗിക പീഡന പരാതി അധ്യാപകൻ്റെ ജീവിതം കീഴ്മേൽ മറിച്ചു. പെൺകുട്ടിയെ പരിശീലനത്തിന് കൊണ്ടുപോകുംവഴി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ജോമോനെ അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തി നാട്ടുകാരുടെ മുന്നിൽ അപമാനിച്ചു. ഒരു മാസം ജയിലിൽ കിടന്നു.
Also Read : 5000ത്തോളം അധ്യാപകർ ആശങ്കയിൽ; ഓണം അടുത്തിട്ടും ശമ്പളമില്ല
ഏക വരുമാന മാർഗമായ സ്ഥാപനം പൂട്ടി. സ്വന്തക്കാരും ബന്ധുക്കാരും നാട്ടുകാരും നികൃഷ്ടജീവിയെ പോലെ കരുതി ജോമോനെ അകറ്റിനിർത്തി. ഭാര്യയും മക്കളും മാത്രം ഒപ്പം നിന്നു. സ്നേഹിച്ച കൂട്ടുകാരെല്ലാം അകന്നു. വലിയ നാണക്കേടായ അവസ്ഥ. കുടുംബം പോറ്റാൻ പല പണികളും എടുക്കേണ്ടി വന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിച്ച ആ മനുഷ്യൻ അക്ഷരാർത്ഥത്തിൽ ഭിക്ഷയെടുത്ത് ജീവിക്കേണ്ടി വന്നു.
കാമുകന്റെ നിര്‍ദേശ പ്രകാരമാണ് കള്ളപരാതി ഉന്നയിച്ചതെന്ന് ഈ വര്‍ഷം ജനുവരിയില്‍ പരാതിക്കാരി സഹപാഠികളോട് പറഞ്ഞു. പിന്നാലെ കോടതിയെയും ഇതറിയിച്ചു. തുടര്‍ന്ന് ജോമോനെ കുറ്റവിമുക്തനാക്കി. ഈ വർഷം ഏപ്രിലിൽ കടുത്തുരുത്തിയിൽ പള്ളിയില്‍ നടന്ന ധ്യാനത്തിനിടെ പെണ്‍കുട്ടി ജോമോനോട് ക്ഷമാപണം നടത്തി കുറ്റം ഏറ്റുപറഞ്ഞു. നിറഞ്ഞ മനസ്സോടെ ക്ഷമിച്ചുവെന്ന് ജോമോൻ പള്ളിയിൽ വെച്ച് പറഞ്ഞു.
വാസ്തവത്തില്‍ ആ പെണ്‍കുട്ടിയെ അവളുടെ കാമുകന്‍ വഞ്ചിച്ചതാണ്. വെള്ളപേപ്പറില്‍ അവളോട് ഒപ്പിടാന്‍ പറഞ്ഞു. തനിക്കെതിരെ വ്യാജ പരാതി എഴുതി പൊലീസില്‍ നല്‍കി. പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് കാമുകന്‍ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. ഗൂഢാലോചന നടത്തിയ എല്ലാവരേയും അറിയാം, തനിക്കാരോടും പകയില്ല. ഇതാണ് ആ പാവം മനുഷ്യൻ്റെ നിലപാട്.
ജോമോൻ്റേതിനേക്കാൾ ഭീകരമായ അവസ്ഥയാണ് മൂന്നാർ ഗവ. കോളജിലെ ഇക്കണോമിക് പ്രൊഫസർ ആനന്ദ് വിശ്വനാഥൻ നേരിട്ടത്. നാല് പീഡന പരാതികൾ… 2014ൽ പരീക്ഷയിൽ കോപ്പിയടിച്ച നാല് എംഎ വിദ്യാർത്ഥികളെ കൈയോടെ പിടിച്ചതിനുള്ള ഗുരുദക്ഷിണയായിരുന്നു ഇവ. കേസായി, റിമാൻ്റായി. 11 വർഷം നീണ്ട നിയമയുദ്ധങ്ങൾക്കും യാതനകൾക്കും അപമാനങ്ങൾക്കും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കി.
ആനന്ദ് വിശ്വനാഥൻ്റെ കുറ്റങ്ങൾ എന്തായിരുന്നു? അദ്ദേഹമൊരു തികഞ്ഞ കോൺഗ്രസ് അനുഭാവിയായിരുന്നു. സത്യവും നീതിയും നിയമവും വിട്ട് ഒന്നും ചെയ്യില്ല. ഇതാണ് വലിയ കുറ്റമായി പരാതിക്കാരും ഇടത് വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരും സഹ അധ്യാപകരും കണ്ടത്. പരീക്ഷാ ഹാളിൽ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നും, കോപ്പിയടിക്കേസിൽ കുടുക്കുമെന്നും ഇൻ്റേണൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിമുഴക്കിയെന്നും ആയിരുന്നു പരാതി.
കേസിന് ഒരു ഗൂഢാലോചനയുടെ പശ്ചാത്തലം ഉണ്ടായിരുന്നു. 2007 ൽ ഇതേ കോളജിലെ എസ്എഫ്ഐ നേതാവിൻ്റെ കോപ്പിയടി പിടിച്ചതിൻ്റെ വൈരാഗ്യമാണ് പെണ്ണുകേസിൽ പെടുത്തി തീർത്തത്. സിപിഎം ഓഫീസിൽ വെച്ച് അന്നത്തെ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് പരാതി തയ്യാറാക്കിയ തെന്നും പെൺകുട്ടി കളുടെ മൊഴിയിലുണ്ട്. ദേവികുളം മജിസ്ട്രേറ്റ് കോടതി രണ്ടു കേസിൽ ഇദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ തൊടുപുഴ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ആനന്ദ് വിശ്വനാഥനെ വെറുതെ വിട്ടത്. വ്യാജ പരാതി കൊടുക്കാൻ അന്നത്തെ കോളജ് പ്രിൻസിപ്പലും സഹ അധ്യാപകരും കൂട്ടുനിന്നു. സ്വന്തം വിദ്യാർത്ഥികളെ പീഡിപ്പിച്ച നരാധമനെന്ന അപമാനവും പേറി 11 കൊല്ലം ജീവിക്കേണ്ടി വന്ന മനുഷ്യന് നഷ്ടപ്പെട്ട ഈ നാളുകൾ ആര് തിരിച്ചു കൊടുക്കും? മൂന്ന് വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.
രാഷ്ട്രീയ തിമിരത്തിൻ്റെ പേരിലാണ് ആനന്ദ് വിശ്വനാഥനെ സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് കുരിശിലേറ്റിയത്. ജോമോനെതിരെ വ്യാജ പരാതി നല്കിയ പെൺകുട്ടി പിന്നീട് കോടതിയിലും പൊതുമധ്യത്തിലും വന്ന് മാപ്പ് പറയാനെങ്കിലും തയ്യാറായി. ആനന്ദിനെ കുടുക്കിയവർ അത്തരമൊരു പ്രവർത്തിക്ക് തയ്യാറാകുമോ എന്നാണ് ഈ അധ്യാപക ദിനത്തിലെങ്കിലും അറിയേണ്ടത്. മനുഷ്യനാകണം എന്ന് നീട്ടിപ്പാടിയാൽ പോര, അതിനുള്ള ഒരു ശ്രമമെങ്കിലും ഇവർ നടത്തിയെങ്കിൽ…..

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here