‘നരകവാതിലുകൾ തുറക്കപ്പെടും’; അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾ നരകത്തിന്റെ വാതിലുകൾ തുറക്കാനുള്ള ശ്രമമാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ടെഹ്‌റാൻ ടൈംസ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഉന്നത കമാൻഡർമാരെ വധിക്കാനും ആണവനിലയങ്ങൾ തകർക്കാനുമുള്ള ശത്രുക്കളുടെ നീക്കം വലിയ ദുരന്തത്തിൽ കലാശിക്കുമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തെക്കുറിച്ച് ലേഖനം പരാമർശിക്കുന്നു. അന്ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് ഇറാൻ നൽകിയ മറുപടി ഇസ്രായേലിന് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇസ്രായേലിലെ മൊസാദ് ആസ്ഥാനം, വ്യോമതാവളങ്ങൾ, ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാല എന്നിവയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടു.

Also Read : ഇറാൻ കത്തുമ്പോൾ ആശങ്കയിൽ ഇന്ത്യ; ചബഹാർ തുറമുഖ നിക്ഷേപത്തിന് കരിനിഴൽ വീഴ്ത്തി ആഭ്യന്തര കലാപം

ഹീബ്രു മാധ്യമങ്ങളെ ഉദ്ധരിച്ച് ലേഖനം പറയുന്നത് പ്രകാരം, അന്ന് ഏകദേശം 65,000 കെട്ടിടങ്ങൾക്ക് ഇസ്രായേലിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഒടുവിൽ 12 ദിവസത്തിന് ശേഷം ഇസ്രായേലിന്റെ ആവശ്യപ്രകാരം അമേരിക്ക മുൻകൈ എടുത്താണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടുന്നതിനെ ലേഖനം രൂക്ഷമായി വിമർശിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള സയ്യിദ് അലി ഖമേനി റഷ്യയിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്ന രീതിയിലുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ടെഹ്‌റാൻ ടൈംസ് തള്ളി. ഇറാന്റെ മനോവീര്യം കെടുത്തുന്ന തന്ത്രങ്ങളാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read : സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപ്; വെടി നിർത്തലിന് തയ്യാറല്ലെന്ന് ഇറാൻ

ഇറാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങളും മുതലെടുക്കാൻ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ശ്രമിക്കുന്നതായി ഇറാൻ ആരോപിക്കുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ നടപടി പോലെ ഇറാനിൽ ട്രംപിന്റെ തന്ത്രങ്ങൾ ഫലിക്കില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. ഇറാൻ വെനിസ്വേലയല്ലെന്നും, അട്ടിമറി ശ്രമങ്ങൾക്ക് പോലും ജൂൺ യുദ്ധത്തേക്കാൾ ഭീകരമായ മറുപടിയായിരിക്കും നൽകുകയെന്നും ടെഹ്‌റാൻ ടൈംസ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴൽ പരത്തുന്നതായാണ് ഇറാന്റെ ഈ നിലപാട് വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top