അയോധ്യവിധിയെ സംഘ് നരേറ്റീവ് പ്രകാരം തിരുത്തി മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്.. “ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചത്”

ബാബറി മസ്ജിദ് നിര്‍മ്മിച്ചത് അയോധ്യയില്‍ ഉണ്ടായിരുന്ന ഹിന്ദു ക്ഷേത്രം പൊളിച്ചാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെയില്‍ ഇക്കാര്യം കണ്ടെത്തിയതാണ്. പള്ളിയുടെ ചരിത്രം മറന്നാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്ന, താൻ കൂടി ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ചിൻ്റെ 2019ലെ വിധിയെ പലരും വിമര്‍ശിക്കുന്നതെന്നും ചന്ദ്രചൂഡ് വിശദീകരിച്ചു.
ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് തെളിവില്ല എന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ചന്ദ്രചൂഡ് ആണിപ്പോൾ ആ വിധിയെ തന്നെ തള്ളിപ്പറയുന്നത്. വര്‍ഷങ്ങളായി സംഘപരിവാര്‍ പറയുന്ന അതേ നിലപാടാണ് വിരമിച്ചപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സ്വീകരിച്ചിരിക്കുന്നത്.
ന്യൂസ് ലോൺട്രി ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡ് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണടക്കുമെന്നും ചന്ദ്രചൂഡ് ചോദിക്കുന്നു. അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകൻ ശ്രീനിവാസന്‍ ജയിന്‍ 2019ലെ വിധിയെ മുൻനിർത്തി ചോദ്യങ്ങൾ ഉന്നയിച്ചു.
“നിങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ചരിത്രം മാത്രമാണ് എടുക്കുന്നത്. ചരിത്രത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് നോക്കുന്നത്. ജഡ്ജ്മെന്റ് വിശ്വാസത്തെ മുന്‍നിര്‍ത്തിയാണെന്നും തെളിവിനെ ആസ്പദമാക്കിയല്ല എന്നുമുള്ള വിമര്‍ശനമുണ്ട്. അവര്‍ ജഡ്ജ്മെന്റ് വായിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ക്ക് ജഡ്ജ്മെന്റിനെ അംഗീകരിക്കാനും നിരസിക്കാനുമുള്ള അവകാശമുണ്ട്”, എന്നായിരുന്നു ചന്ദ്രചൂഡിന്റെ മറുപടി.
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേക്ക് അനുമതി നല്‍കിയ വിധിയേയും ചന്ദ്രചൂഡ് ന്യായീകരിക്കുന്നുണ്ട്. സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ല. യുഗങ്ങളായി ഹിന്ദുക്കള്‍ പള്ളിയുടെ നിലവറയില്‍ ആരാധന നടത്തിയിരുന്നു. മുസ്‌ലിംപക്ഷം നിരന്തരം ഈ അവകാശവാദത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here