ഇലോൺ മസ്ക്കിന് ഇന്ത്യയിൽ അടിതെറ്റി; ഒടുവിൽ ടെസ്‌ലയ്ക്ക് വൻ വിലക്കുറവ്

വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ വിപണിയിലെത്തിയ അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയ്ക്ക് കനത്ത തിരിച്ചടി. കമ്പനിയുടെ ജനപ്രിയ മോഡലായ ‘മോഡൽ വൈ’ (Model Y) എസ്‌യുവിക്ക് വിപണിയിൽ ചലനമുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, ലക്ഷങ്ങളുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൽപനയിൽ മന്ദഗതിയുണ്ടെങ്കിലും ടെസ്‌ല തങ്ങളുടെ ശൃംഖല വിപുലീകരിക്കുകയാണ്. ഡൽഹിക്കും മുംബൈയ്ക്കും പുറമെ ഗുരുഗ്രാമിലും ബെംഗളൂരുവിലും കമ്പനി പുതിയ ഷോറൂമുകളും സർവീസ് സെന്ററുകളും തുറന്നു കഴിഞ്ഞു. ഇന്ത്യയിലെ നാലാമത്തെ ഷോറൂമാണ് ബെംഗളൂരുവിൽ വരുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ടെസ്‌ല ഇന്ത്യയിൽ വിൽപന ആരംഭിച്ചത്. എന്നാൽ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഷോറൂമുകൾ തുറന്നിട്ടും വിൽപന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. ആദ്യ ബാച്ചിൽ എത്തിച്ച 300 യൂണിറ്റുകളിൽ ഏകദേശം 200 എണ്ണം മാത്രമാണ് ഇതുവരെ വിറ്റുപോയത്. ബാക്കിയുള്ള സ്റ്റോക്ക് വിറ്റഴിക്കാനായി രണ്ടു ലക്ഷം രൂപ വരെ ഇളവാണ് ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Also Read : ഇഷ്ടമില്ലെങ്കിൽ ജോലിക്ക് പോകേണ്ട; 20 വർഷത്തിനകത്ത് തൊഴിൽ ഒരു ഓപ്ഷൻ മാത്രമാകുമെന്ന് ഇലോൺ മസ്ക്

മോഡൽ വൈ-യുടെ ഉയർന്ന വിലയാണ് വിൽപന കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറക്കുമതി തീരുവ കൂടുതലായതിനാൽ വാഹനത്തിന് വലിയ വില നൽകേണ്ടി വരുന്നു. മോഡൽ വൈ റിയർ വീൽ ഡ്രൈവിന് 59.89 ലക്ഷം രൂപയും, ലോങ് റേഞ്ച് പതിപ്പിന് 67.89 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എന്നാൽ ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കൾ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള വാഹനങ്ങൾ വിപണിയിലെത്തിക്കുന്നത് ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളിയാവുന്നുണ്ട്.

കാറിന് 5.9 സെക്കൻഡിൽ മണിക്കൂറിൽ 100 കി.മീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. സൂപ്പർചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റ് ചാർജിങ്ങിൽ 238 കി.മീറ്ററിലധികം യാത്ര ചെയ്യാം എന്ന സവിശേഷത ഉണ്ടായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ വാഹനത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി എസ്‌യുവി മോഡലാണ് ആദ്യം എത്തിച്ചതെങ്കിലും, വിലക്കൂടുതൽ കാരണം ടെസ്‌ല ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top