താക്കറെ സഹോദരന്മാർ ഒന്നിക്കുന്നു! 20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ ഇനി ആർക്കൊപ്പം..

വർഷങ്ങൾ നീണ്ട രാഷ്ട്രീയ വൈരത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ താക്കറെ സഹോദരന്മാർ കൈകോർക്കുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേനയും (UBT) രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും (MNS) തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരു മുന്നണിയായി മത്സരിക്കും.
227 സീറ്റുകളിൽ ഉദ്ധവ് താക്കറെയുടെ ശിവസേന 157 ഇടത്തും രാജ് താക്കറെയുടെ പാർട്ടി (MNS) 70 ഇടത്തും മത്സരിക്കും. ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്ന ശരദ് പവാറിന്റെ പാർട്ടിക്ക് (NCP) 15 സീറ്റുകൾ ലഭിക്കും. രാജ് താക്കറെ സഖ്യത്തിലേക്ക് വന്നതോടെ കോൺഗ്രസ് ഈ സഖ്യം ഉപേക്ഷിച്ചു. മുംബൈയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നിലവിൽ ഭരണം കയ്യാളുന്ന ഏകനാഥ് ഷിൻഡെ-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി മുംബൈ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് ഈ പുതിയ ‘താക്കറെ സഖ്യ’ത്തിന്റെ ലക്ഷ്യം.
നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താക്കറെ കുടുംബത്തിലെ രണ്ട് പ്രബല നേതാക്കൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2022ൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന പിളർന്നതിന് ശേഷം ഉദ്ധവ് താക്കറെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. താക്കറെ സഹോദരന്മാർ ഒന്നിക്കുന്നത് മുംബൈയിലെ മറാത്താ വോട്ടുകൾ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here