ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധം കൂടി; തായ്‌ലൻഡ് സൈനിക കേന്ദ്രത്തിൽ ആക്രമണം

തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നു. തായ്‌ലഡിലേക്ക് കംബോഡിയ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിൽ 9 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് കംബോഡിയയിലെ സൈനിക കേന്ദ്രങ്ങളിൽ തായ്‌ലൻഡ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
നൂറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം. പക്ഷേ പെട്ടെന്നുണ്ടായ സംഘർഷം എല്ലാവരിലും സംശയമുണർത്തുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ റോക്കറ്റ് ആക്രമണം നടത്തിയത്. തുടർന്നാണ് ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെയാണ് എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളിൽ തായ്‌ലൻഡ് വ്യോമക്രമണം ആരംഭിച്ചത്. ഇതിനിടയിൽ, തായ്‌ലൻഡിലെ ആശുപത്രി കംബോഡിയ ആക്രമിച്ചതായും റിപ്പോർട്ട് ഉണ്ട്.
തായ്‌ലൻഡ് എല്ലാ അതിർത്തികളും അടച്ചിട്ടുണ്ട്. പൗരന്മാരോട് എത്രയും പെട്ടെന്ന് കംബോഡിയ വിടാനും നിർദ്ദേശം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വിച്ഛേദിച്ചു. അതേസമയം, മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ തായ്‌ലൻഡിലും കംബോഡിയയിലും വിനോദസഞ്ചാരികളായി എത്തുന്നുണ്ട്. എല്ലാവരോടും വളരെയധികം ജാഗ്രത പുലർത്താൻ ഇന്ത്യയും നിർദേശിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here