അച്ഛൻ്റെ പ്രതികാരത്തിന് പിന്നാലെ മകൾക്ക് നീതി തേടി അമ്മ; താമരശ്ശേരിയിലെ ഡോക്ടർമാർക്കും നഴ്സിനുമെതിരെ പരാതി

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഒമ്പതു വയസ്സുകാരിയുടെ മാതാവ് ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകി. തൻ്റെ മകളുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് മാതാവ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്‌ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറായ വിപിനെ വെട്ടിയിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങൾ.
കുട്ടിയുടെ മരണ കാരണം നേരത്തെ സംശയിച്ചിരുന്നതുപോലെ അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിന് പിന്നാലെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞതായും താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം തന്നെയാണ് കുട്ടി മരിച്ചതെന്നും മാതാവ് ആരോപിച്ചു.
Also Read : ഡോക്ടറെ വെട്ടാൻ ആയുധം കൊണ്ടുവന്നത് സ്കൂൾ ബാഗിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മകളെ ശ്രദ്ധിക്കാത്ത ഡോക്ടർമാർക്കെതിരേയും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറിയ നഴ്സസിനെതിരേയുമാണ് പരാതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഇൻഫ്ലുവൻസ എ അണുബാധ മുലമുള്ള വൈറൽ ന്യുമോണിയയെ തുടർന്നാണ് പെൺകുട്ടി മരണപ്പെട്ടിരിക്കുന്നത്. പക്ഷെ കുട്ടിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നാണ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലുമുള്ളത്.
അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. റിപ്പോർട്ടുകളിലെ അവ്യക്തത പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജും മെഡിക്കൽ ബോർഡുമാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here