നെഹ്‌റുവിന്റെ ചൈനീസ് തിരിച്ചടിയും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും; അദ്വാനിക്കുവേണ്ടി വാദിച്ച് ശശി തരൂർ

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ സംബന്ധിച്ച് താൻ പങ്കുവെച്ച ജന്മദിനാശംസകൾക്ക് ഓൺലൈനിൽ കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിൽ പ്രതിരോധവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. വർഷങ്ങളുടെ പൊതുസേവന പരിചയമുള്ള ഒരു വ്യക്തിയെ ഒരു ഒറ്റപ്പെട്ട സംഭവം മാത്രം വച്ച് വിലയിരുത്തുന്നത് അനീതിയാണെന്ന് അദ്ദേഹം വാദിച്ചു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും ഉദ്ധരിച്ചാണ് തരൂർ തന്റെ നിലപാട് സ്ഥാപിച്ചത്.

ബി.ജെ.പി സ്ഥാപകാംഗവും 2002–2004 കാലഘട്ടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്ന അദ്വാനിക്ക് 98 വയസ്സ് തികഞ്ഞ വേളയിലാണ് തരൂർ ആശംസകൾ നേർന്നത്. അദ്വാനിയെ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ എന്നും പൊതുസേവനത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരം എന്നുമാണ് തരൂർ വിശേഷിപ്പിച്ചത്. “അദ്വാനിയുടെ വിനയവും മര്യാദയും ആധുനിക ഇന്ത്യയുടെ ഗതി രൂപപ്പെടുത്തുന്നതിലെ അദ്ദേഹത്തിന്റെ പങ്കും മായ്ച്ചുകളയാനാവില്ല” എന്നും തരൂർ ഓൺലൈൻ പോസ്റ്റിൽ കുറിച്ചു.

Also Read : തേങ്ങ ഉടയ്ക്ക് സ്വാമി… ശാസ്ത്രം കുതിക്കുമ്പോള്‍ കൂടോത്ര കഥ പ്രചരിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് തള്ളുന്നത് നെഹ്‌റുവിനെ

എന്നാൽ, മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ തരൂരിന്റെ ആശംസകളെ എതിർത്ത് രംഗത്തെത്തി. അദ്വാനിയുടെ 1990-ലെ രാമരഥയാത്രയെ സൂചിപ്പിച്ചുകൊണ്ട്, “വിദ്വേഷത്തിന്റെ മഹാബീജം ഈ രാജ്യത്ത് വിതയ്ക്കുന്നത് പൊതുസേവനമല്ല” എന്ന് ഹെഗ്‌ഡെ വിമർശിച്ചു. ഇതിനോടാണ് ശശി തരൂർ ചരിത്രപരമായ വസ്തുതകൾ ഉദാഹരിച്ച് മറുപടി നൽകിയത്.

“അദ്ദേഹത്തിന്റെ നീണ്ട വർഷത്തെ സേവനത്തെ, ഒരൊറ്റ സംഭവത്തിലേക്ക് ചുരുക്കുന്നത് ശരിയല്ല. നെഹ്‌റുജിയുടെ കരിയറിനെ ചൈനയുമായുള്ള തിരിച്ചടി വെച്ചോ, ഇന്ദിരാഗാന്ധിയുടെ കരിയറിനെ അടിയന്തരാവസ്ഥ വച്ചോ മാത്രം വിലയിരുത്താൻ കഴിയില്ല. ഇതേ മര്യാദ അദ്വാനിക്കും നൽകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനും, കുടുംബാധിപത്യത്തെക്കുറിച്ച് എഴുതിയ ലേഖനത്തിൽ നെഹ്‌റു-ഗാന്ധി കുടുംബത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതിനും തരൂർ കോൺഗ്രസ്സിനുള്ളിൽ നിന്ന് വിമർശനം നേരിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top