കൗണ്‍സിലറുടെ മരണത്തിൽ ബിജെപി വാദം പൊളിയുന്നു; ആരോപണങ്ങൾ തള്ളി പോലീസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ഉയർത്തിയ ആരോപണങ്ങൾ പൊളിയുന്നു. അനിൽകുമാറിനെതിരെ ഒരു നടപടിയും പോലീസ് എടുത്തിട്ടില്ലെന്നും അനിൽകുമാറിനെ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും തമ്പാനൂര്‍ പൊലീസ് വ്യക്തമാക്കി.
പൊലീസ് വിളിക്കാതെ തന്നെ രണ്ടു പ്രാവശ്യം അനിൽകുമാര്‍ സ്‌റ്റേഷനിലെത്തി സൊസൈറ്റി പ്രതിസന്ധിയെകുറിച്ച് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. നിക്ഷേപം തിരികെ നൽകാത്തതു സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ല. സംഘത്തിലെത്തി ബഹളംവച്ചതിന് ഒരു നിക്ഷേപകനെതിരെ ഭാരവാഹികൾ നൽകിയ പരാതി പിന്നീട് ഒത്തുതീർപ്പായിരുന്നു.
Also Read : ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?
തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘം പ്രസിഡന്റ് അനിൽകുമാറിന്‍റെ ആത്മഹത്യക്ക് കാരണം പൊലീസ് ഭീഷണിയെന്നായിരുന്നു ബിജെപി ആരോപണം. വായ്‌പ എടുത്തവർ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് സംഘം തകർച്ചയിലേക്ക് നീങ്ങിയതെന്ന് സൂചന. പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത് അന്ന് മുതൽ തന്നെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി തിരുമല അനിൽ ആണ് സംഘം പ്രസിഡന്റ്.
കെട്ടിടം ഉൾപ്പെടെ 11 കോടി മൂല്യമുള്ള ആസ്‌തി ഉണ്ടായിരുന്നെങ്കിലും വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ നിക്ഷേപകർക്കു പണം നൽകാൻ കഴിയാതെ വരുകയായിരുന്നു. സംഭവം ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. തട്ടിപ്പിൽ ബിജെപി ജില്ലാ, സംസ്‌ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാർഡുകളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here