വ്യാജ എസ്ഐയുടെ അറസ്റ്റിൽ പോലീസിന് പരിഹാസം; മാന്യമായി പെരുമാറിയത് സംശയം ഉണ്ടാക്കിയെന്ന് കമൻ്റുകൾ

വ്യാജ എസ്ഐയായി പെരുമാറിയ യുവാവിനെ പിടികൂടിയ വാർത്തകൾക്ക് താഴെ രസകരമായ കമന്റുകൾ. യഥാർത്ഥ പോലീസ് സേനാംഗങ്ങളെ കളിയാക്കി കൊണ്ടുള്ളതാണ് അവയിൽ ഭൂരിഭാഗവും. ‘വ്യാജ എസ്ഐ മാന്യമായി പെരുമാറിയത് പോലീസുകാരിൽ സംശയം ഉണ്ടാക്കി’യെന്നും ‘മുഖത്ത് അടിക്കുന്ന ഒറിജിനൽ പോലീസിനേക്കാൾ ഭേദം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ട്രെയിനിൽ നിന്നുമാണ് പിടികൂടിയത്. കോച്ചുകളിൽ പരിശോധന നടത്താൻ എത്തിയ റെയിൽവേ പൊലീസ് സംശയത്തെ തുടർന്ന് പിടികൂടുകയായിരുന്നു. യൂണിഫോമിൽ കണ്ട എസ് ഐയെ സല്യൂട്ട് ചെയ്‌ത റെയിൽവേ പോലീസിന് കൃത്യമായി സല്യൂട്ട് നല്കാൻ അഖിലേഷിന് കഴിഞ്ഞില്ല. പോലീസ് യൂണിഫോമിലുള്ള യുവാവിന്റെ പ്രതികരണത്തിൽ സംശയം തോന്നി റെയിൽവേ പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണ് എസ് ഐ വ്യാജനാണെന്നറിഞ്ഞത്.
തുടർന്ന് താൻ യൂണിഫോം ധരിച്ച് വീട്ടിൽ പരേഡ് നടത്തുമായിരുന്നുവെന്നും ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തിറങ്ങിയതെന്നും യുവാവ് വെളിപ്പെടുത്തി. ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോഴേക്കും യുവാവിനെ ഇറക്കി ആലപ്പുഴ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് യൂണിഫോം ദുരുപയോഗിച്ച കാരണത്താൽ കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here