മ്യാന്മറിലെ ‘മരണക്കെണി’! ആ 120 പേർ തിരിച്ചെത്തിയത് ജീവിതത്തിലേക്ക്

ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് മ്യാന്മറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിക്കപ്പെട്ട 120ലധികം ആന്ധ്രാ സ്വദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. മ്യാന്മറിലെ മ്യാവാഡി പ്രവിശ്യയിലുള്ള ‘കെകെ പാർക്ക്’ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നാണ് ഇവരെ മോചിപ്പിച്ചത്. ഈ മാസം തന്നെ 22 പേരെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി 79 പേരെയും നാട്ടിലെത്തിച്ചിരുന്നു.

സോഷ്യൽ മീഡിയ വഴി ഐടി, ഡാറ്റ എൻട്രി, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ വൻ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകർഷിക്കുന്നത്. ജോലിയിൽ പ്രവേശിച്ചാലുടൻ ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും നിയമവിരുദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും. ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ, ‘ഹണി ട്രാപ്പ്’ എന്നിവ ചെയ്യാൻ ഇവരെ നിർബന്ധിക്കുന്നു. പറഞ്ഞ ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ കഠിനമായ ശിക്ഷകളും ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരുമെന്ന് ആന്ധ്ര സിഐഡി മേധാവി ഡോ എ രവിശങ്കർ അറിയിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര സിഐഡി ഇതുവരെ 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദേശത്തുള്ള മറ്റ് പ്രതികൾക്കായി ‘ലുക്ക് ഔട്ട്’ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് ബാക്കിയുള്ളവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top