വെളുത്ത വസ്ത്രത്തിലെ ‘ബാഹുബലി’; കൊലപാതകക്കേസിൽ അനന്ത് സിംഗ് അറസ്റ്റിൽ

ബിഹാറിലെ പ്രമുഖ രാഷ്ട്രീയ നേതാവും എംഎൽഎയുമായ അനന്ത് സിംഗ് ആണ് കൊലപാതക കേസിൽ അറസ്റ്റിലായത്. വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന, ‘ചോട്ടെ സർക്കാർ’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്. അനന്ത് സിംഗിന്റെ തമാശകൾ റീലുകളായി പ്രചരിക്കാറുണ്ട്. എന്നാൽ, ഈ തമാശകൾക്ക് പിന്നിൽ ക്രിമിനൽ കേസുകളുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്.
ഗുണ്ടാ നേതാവിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ദുലാർ സിംഗ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് അനന്ത് സിംഗിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജെഡിയു (Janata Dal United) സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു. നിലവിൽ 28 കേസുകലാണ് ഇയാൾക്കെതിരെയുള്ളത്. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, മോഷണം, നിയമവിരുദ്ധമായി ആയുധം കയ്യിൽ വെക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ ഇതിൽ ഉൾപെടും. ബിഹാർ രാഷ്ട്രീയത്തിലെ ‘ബാഹുബലി’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പട്‌നയ്ക്കടുത്തുള്ള മൊകാമ എന്ന സ്ഥലത്ത് നിന്നുള്ള എംഎൽഎയാണ് അനന്ത് സിംഗ്.
കഴിഞ്ഞ വ്യാഴാഴ്ച മൊകാമയിൽ വെച്ചാണ് ദുലാർ സിംഗ് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയത്തിനും ശ്വാസകോശത്തിനും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, സംഭവ സമയം താൻ സ്ഥലത്തു ഉണ്ടായിരുന്നില്ല, തന്നെ കുടുക്കാൻ വേണ്ടി കെട്ടിചമച്ചതാണ് കൊലപാതകക്കേസ് എന്നാണ് അനന്ത് സിംഗിന്റെ വാദം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ അറസ്റ്റ് ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here