അന്തസ്സ് തകർക്കരുതെന്ന് സ്പീക്കർ; വാക്കൗട്ട് നടത്തി പ്രതിപക്ഷം; മൂന്നാം ദിവസവും സഭ സ്തംഭിച്ചു

ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തിൽ ക്ഷുഭിതനായ സ്പീക്കർ എ എൻ ഷംസീർ സഭയുടെ അന്തസ്സ് തകർക്കരുതെന്ന് പ്രതിപക്ഷാംഗങ്ങൾക്ക് കർശന താക്കീത് നൽകി. ശബരിമലയിലെ സ്വർണപാളികളുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളും ദുരൂഹതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധം തുടങ്ങി. വിഷയത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
തുടർന്നുണ്ടായ ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബാനറുകളും പ്ലക്കാർഡുകളുമുയർത്തി മുദ്രാവാക്യം വിളിച്ചു. ‘ശബരിമലയുടെ പവിത്രത തകർത്തു’, ‘അന്വേഷണം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങി.
തുടർച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തിയതോടെ സ്പീക്കർ ക്ഷുഭിതനായി പ്രതികരിച്ചു. പ്രധാന സഭാനടപടികൾ തടസ്സപ്പെടുത്തുന്നതിനെതിരെ അദ്ദേഹം ശക്തമായ താക്കീത് നൽകി. “ചോദ്യോത്തര വേള വളരെ പ്രധാനപ്പെട്ട സഭാ നടപടിയാണ്. ഇത് തടസ്സപ്പെടുത്തുന്നത് സഭയുടെ നിയമങ്ങളെ ലംഘിക്കുന്നതിന് തുല്യമാണ്. നിങ്ങൾ ആവശ്യപ്പെടുന്ന വിഷയം ചർച്ച ചെയ്യാൻ മറ്റ് വേദികളുണ്ട്. സഭയുടെ അന്തസ്സ് തകർക്കുന്ന രീതിയിലുള്ള ഈ പ്രതിഷേധം അവസാനിപ്പിക്കണം,” സ്പീക്കർ പറഞ്ഞു. പക്ഷേ പ്രതിപക്ഷ അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here