ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; റിപ്പോർട്ട് പുറത്ത്

പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഓർത്തോ ഡോക്ടർമാർ ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ട് പുറത്ത്. ചികിത്സയിൽ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും, കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സയാണ് നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിപ്പറഞ്ഞ് കുടുംബം രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വിവാദമായിരിക്കുകയാണ്.

ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി. സെപ്റ്റംബർ 24-ന് പ്ലാസ്റ്റർ ഇട്ട ശേഷം കടുത്ത വേദന അനുഭവപ്പെട്ടപ്പോൾ പിറ്റേന്ന് തന്നെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കയ്യൊടിഞ്ഞാൽ വേദനയുണ്ടാകുന്നത് സാധാരണമാണെന്ന് പറഞ്ഞ് ഡോക്ടർമാർ വേദനസംഹാരി നൽകി തിരിച്ചു. കുട്ടിയുടെ കൈ വീർക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്തപ്പോഴാണ് വീണ്ടും ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും പഴുപ്പ് കയറി കൈ അഴുകിയ നിലയിലായിരുന്നു. ഡോക്ടർമാർ സ്വന്തം വീഴ്ച മറച്ചുവെച്ച്, രക്ഷിതാക്കളെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും, റിപ്പോർട്ടിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

Also Read : ആശുപത്രിയിലെത്തിയ എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം

പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനി കളിക്കുന്നതിനിടെ വീണ് കൈ പൊട്ടിയതിനെ തുടർന്ന് ചികിത്സയിലിരിക്കെ മുറിച്ചുമാറ്റേണ്ടി വന്നത്. സെപ്റ്റംബർ 24ന് എല്ല് പൊട്ടിയ കുട്ടിയെത്തി. രക്തചംക്രമണം ഉറപ്പാക്കിയ ശേഷം പ്ലാസ്റ്റർ ഇട്ടു. തുടർന്ന്, അടുത്ത ദിവസം ഒപിയിൽ കാണിക്കാൻ നിർദ്ദേശിച്ച് വിട്ടയച്ചു. പിറ്റേദിവസത്തെ പരിശോധനയിൽ നീരോ വേദനയോ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ, കൈയിലെ വേദന വർദ്ധിച്ചിട്ടും അഞ്ച് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 30-നാണ് കുട്ടി വീണ്ടും ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും കൈയിൽ രക്തയോട്ടം നിലച്ച് ‘കംപാർട്ട്‌മെന്റ് സിൻഡ്രോം’ എന്ന ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നു.

ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉത്തരവിട്ട സംസ്ഥാന ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് കേസിൽ നിർണ്ണായകമാകും. കുട്ടിയുടെ ഭാവിയെ ബാധിച്ച ഈ ദുരന്തത്തിൽ നീതി ഉറപ്പാക്കാൻ കർശന നടപടി വേണമെന്ന ആവശ്യമാണ് പ്രതിപക്ഷ സംഘടനകളും പൊതുസമൂഹവും ഉയർത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top