‘ഏറ്റവും ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതൽ’! ഒന്നരവയസ്സുകാരനെ എറിഞ്ഞു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനായ മകൻ വിയാനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി.

2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. ആൺസുഹൃത്തായ നിധിനൊപ്പം ജീവിക്കാൻ മകൻ തടസ്സമാകുമെന്ന് കണ്ടാണ് ശരണ്യ ഈ കൃത്യം ചെയ്തത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെ എടുത്തു കൊണ്ടുപോയി കടൽഭിത്തിയിലെ പാറക്കെട്ടിലേക്ക് എറിയുകയായിരുന്നു.

ശിക്ഷാവിധിയിൽ വളരെ ഹൃദയസ്പർശിയായ നിരീക്ഷണം കോടതി നടത്തിയിരുന്നു. ‘ഏറ്റവും ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതൽ’. ഒരമ്മയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി പറഞ്ഞു. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയുണ്ടെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം വിധിച്ചത്.

വിധിച്ച ഒരു ലക്ഷം രൂപ പിഴ കുഞ്ഞിന്റെ അച്ഛന് നൽകണം. തെളിവുകളുടെ അഭാവത്തിൽ ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. ശരണ്യയുടെ ഫോണിലെ ചാറ്റുകൾ, വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം, ഫോണിലെ മിസ്ഡ് കോളുകൾ എന്നിവ കേസിൽ നിർണ്ണായകമായി. കൊലപാതക കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശരണ്യ ആദ്യം ശ്രമിച്ചിരുന്നു. വിചാരണ വേളയിൽ ഇവർ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top