SV Motors SV Motors

‘ബ്ലഡ് പ്രഷർ’ നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയമെന്ന് ലോകാരോഗ്യ സംഘടന, രോഗബാധിതർ 18 കോടിയിലധികം, സർക്കാർ പദ്ധതികൾ എങ്ങുമെത്തിയില്ല

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള രക്ത സമ്മർദരോഗം തടയുന്നതിൽ വലിയ കാലതാമസവും പിഴവും സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന. രോഗ ബാധിതരായ 18.8 കോടി ജനങ്ങളിൽ ഭൂരിപക്ഷവും 30-നും 79-നുമിടയിൽ പ്രായമുള്ളവരാണ്. ഇതാദ്യമായാണ് ലോകാരോഗ്യ സംഘടന ഹൈപ്പർ ടെൻഷനെക്കുറിച്ച് (രക്ത സമ്മർദം) ആഗോളതലത്തിൽ ഒരു റിപ്പോർട്ട് പുറത്ത് വിടുന്നത്.

രോഗ ബാധിതരായവരിൽ 50% പേർക്കുപോലും വിദഗ്ദ്ധ ചികിൽസ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബഹുഭൂരിപക്ഷം രോഗികൾക്കും രോഗ നിയന്ത്രണത്തിനാവശ്യമായ ചികിത്സയോ സൗകര്യങ്ങളോ ലഭ്യമല്ല. രോഗികളായവരിൽ കേവലം 32% പേർ മാത്രമാണ് ചികിത്സതേടിയതും രോഗം നിയന്ത്രണ വിധേയമാക്കിനിർത്തുന്നത്. കടുത്ത രക്ത സമ്മർദം മൂലം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അന്താരാഷ്ട്രതലത്തിൽ സ്ട്രോക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ തൃപ്തികരമായ നിരക്കിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ലോക വ്യാപകമായി ഏതാണ്ട് 65-നും 100 കോടിക്കുമിടയിൽ ജനങ്ങൾ രക്ത സമ്മർദരോഗം ബാധിച്ചവരാണ്.

ലോക വ്യാപകമായുള്ള രോഗബാധിതരിൽ ഏതാണ്ട് പകുതിയിലധികം പേർ രോഗത്തെക്കുറിച്ച് അജ്ഞരാണ്. അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് വൃക്ക സംബന്ധമായ അസുഖങ്ങളും മറ്റ്‌ ശാരീരിക അവശതകളും അനുഭവിക്കേണ്ടി വരുന്നു. രോഗ നിർണ്ണയം കൃത്യമായിനടത്തി ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കാതെവരുന്നത് കൊണ്ട് വാർധക്യകാല രോഗങ്ങൾ വളരെപ്പെട്ടെന്നുതന്നെ പിടിപെടുന്നു.

പ്രതിദിനം ഇന്ത്യക്കാർ 10 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. 2019-ലെ കണക്കുകളനുസരിച്ച് ഇത് അഞ്ചു ഗ്രാമായിരുന്നു. നമ്മുടെ ജനസംഖ്യയിലെ മൂന്നിലൊന്നുപേർ യാതൊരു തരത്തിലുള്ള വ്യായാമമോ ജോലികളിലോ ഏർപ്പെടുന്നവരല്ല അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് രോഗസാധ്യത വളരെ കൂടുതലായിരിക്കും. രക്ത സമ്മർദം കുറയ്ക്കുന്നതിനും നിയന്തിക്കുന്നതിനും കൃത്യമായ ചികിത്സാരീതികളുണ്ട്. എന്നാൽ അഞ്ചുപേരിൽ ഒരാൾ മാത്രമാണ് കൃത്യമായി ഇവ പാലിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ റ്റെഡ്‌റോസ് അഡാനോ പറഞ്ഞു. രക്ത സമ്മർദ്ദ നിയന്ത്രണത്തിനുള്ള പദ്ധതികൾക്ക് വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2018-19 കാലത്ത് കേന്ദ്ര ആരോഗ്യ വകുപ്പും ലോകാരോഗ്യ സംഘടനയും സംയുക്തമായിച്ചേർന്ന് ഇന്ത്യ ഹൈപ്പർ ടെൻഷൻ കൺട്രോൾ ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് രൂപം കൊടുത്തു. എന്നാൽ രാജ്യത്തെ അവികസിത പ്രദേശങ്ങൾ മതിയായ ചികിത്സ കേന്ദ്രങ്ങൾ ഇല്ലാത്തതുകൊണ്ട് ഈ പദ്ധതി വിജയകരമായി നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top