വന്ദേഭാരതിലെ ‘സിസിടിവിയിൽ കുടുങ്ങി’ IPS ഉന്നതൻ!! മോഷണക്കേസിൽ നേരറിഞ്ഞത് ഇങ്ങനെ…

ഇക്കഴിഞ്ഞ രണ്ടിന് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രചെയ്ത വനിതാ ഡോക്ടർ തൻ്റെ 30,000 രൂപ വിലയുള്ള കണ്ണട സീറ്റിൽ മറന്നുവച്ച് ഇറങ്ങിപ്പോയി. പിന്നാലെ പരാതി നൽകിയതോടെ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ആ വിചിത്രസത്യം വെളിവായത്. ഡോക്ടർ ഇറങ്ങിയ ശേഷം ആ സീറ്റിന് അടുത്തെത്തിയ ഒരു ‘ഐപിഎസ് ശിങ്കം’, അവിടെ കണ്ട കണ്ണടയെടുത്ത് തൻ്റെ കുർത്തയുടെ പോക്കറ്റിലിട്ട് സ്റ്റേഷനിലിറങ്ങി പോകുന്നു.
ഇതോടെ ധർമസങ്കടത്തിലായ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഉന്നയിച്ച വിചിത്രവാദം ഇങ്ങനെ… യുവതി മറന്നുവച്ച കണ്ണട തിരികെ കൊടുക്കാനായി അതെടുത്ത് താൻ എറണാകുളം സ്റ്റേഷനിലിറങ്ങി. എന്നാൽ അവരെ കാണാത്തതിനാൽ അടുത്തുള്ള ഫുഡ് കോർട്ടിൽ ഏൽപിച്ചു. പിന്നീടൊന്നും തനിക്കറിയില്ലെന്നും, തിരൂർ വരെ പോകേണ്ടിയിരുന്ന തനിക്ക് ഈ സംഭവം കാരണം ട്രെയിൻ മിസ്സായെന്നും ഉള്ള പരിദേവനമാണ് അദ്ദേഹം ഉന്നയിച്ചത്.
ഏതായാലും ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ണട കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ഫുഡ് കോർട്ടിൽ ഏൽപിച്ചെന്ന് പറഞ്ഞ കണ്ണട അവിടെ നിന്നുതന്നെ കിട്ടി. അതിന് വഴിയൊരുക്കിയതാകട്ടെ നിരീക്ഷണ ക്യാമറകളാണ്. അതില്ലായിരുന്നു എങ്കിൽ ഒരു തുമ്പും ഇല്ലാതെ പോയേനെ. പൊതുസ്ഥലത്ത് ഒരാളെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച, പൊലീസ് തലപ്പത്ത് വരെ ജോലിചെയ്തയാൾക്ക് ഇത്രക്ക് പ്രായോഗികബുദ്ധിയില്ലേ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.
വിലയേറിയ ഒരു വസ്തു കളഞ്ഞുകിട്ടിയാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്നാണ് ഇപ്പോഴും പലരുടെയും സംശയം. അതേ ട്രെയിനിലിലെ ഒരു ടിടിഇയെ ഏൽപിക്കാമായിരുന്നു, അതുമല്ലെങ്കിൽ ആർപിഎഫിലോ റെയിൽവെ പോലീസിലോ അദ്ദേഹം ഒന്ന് ബന്ധപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി കൈപ്പറ്റിയേനെ. റെയിൽവേയുടെ ഏതെങ്കിലുമൊരു കൗണ്ടറിൽ ഏൽപിച്ചാൽ പോലും ഇത്ര ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here