‘അന്ന് ഡോക്ടർമാരില്ല, മരുന്നില്ല; എല്ലാം തകർന്ന നിലയിലായിരുന്നു’! യുഡിഎഫ് ഭരണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുമ്പോൾ അതിനെതിരെ ഒന്നിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ആശുപത്രികളിൽ മതിയായ ഡോക്ടർമാരോ മരുന്നുകളോ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആരോഗ്യരംഗം ലോകത്തിന് തന്നെ അഭിമാനകരമായ രീതിയിൽ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ 1600 രൂപയിലേക്ക് ഉയർത്തിയത് എൽഡിഎഫ് സർക്കാരാണ്. 2016ന് മുൻപ് യുഡിഎഫ് കാലത്ത് പെൻഷൻ കുടിശ്ശികയായിരുന്നു.
വിഎസ് അച്യുതാനന്ദൻ സർക്കാർ വന്നപ്പോഴും പിന്നീട് 2016ൽ തന്റെ സർക്കാർ വന്നപ്പോഴും മുൻ സർക്കാരുകൾ വരുത്തിവെച്ച മാസങ്ങളോളമുള്ള കുടിശ്ശിക തീർത്താണ് പെൻഷൻ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പ്രശ്നങ്ങളിൽ പ്രതിപക്ഷം എപ്പോഴാണ് സർക്കാരിനൊപ്പം നിന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് സത്യമെന്താണെന്ന് അറിയാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here