തിരുനാവായ കുംഭമേളക്ക് ഭക്തരെ എത്തിക്കാൻ വാട്സാപ്പ് കൂട്ടായ്മകൾ സജീവം; സർക്കാർ നീക്കത്തിനെതിരെ സംഘപരിവാർ

ദക്ഷിണേന്ത്യയുടെ കുംഭമേള എന്ന പേരിൽ ഭാരതപ്പുഴയുടെ തീരത്ത് നടത്താൻ ഉദ്ദേശിക്കുന്ന തിരുനാവായ മാഹാമഘ മഹോത്സവത്തിലേക്ക് ഭക്തരെ എത്തിക്കാൻ വാട്സാപ്പ് കൂട്ടായ്മകൾ സജീവമാക്കി സംഘാടകർ. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ചടങ്ങിൽ പ്രതിദിനം 50,000-ത്തിലധികം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘപരിവാർ സംഘടനകളുടെയും ഉത്സവ സംഘാടക സമിതിയുടെയും നേതൃത്വത്തിലാണ് പ്രചാരണം.
ജില്ലാ തലത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ സജീവമാണ്. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ കൈമാറുന്നതിനും യാത്രകൾ ഏകോപിപ്പിക്കുന്നതിനും ഹിന്ദു ധർമ്മത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുകയെന്ന് സംഘാടക സമിതി പറയുന്നു. മഹാ കുംഭമേളകളുടെ സംഘാടകരായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസ പരമ്പരകളിലൊന്നാണ് ജുന അഖാഡ. അവരുടെ സ്വാധീനം മൂലം ഉത്തരേന്ത്യയിൽ നിന്നും വൻതോതിൽ ഭക്തർ എത്തുമെന്ന് കരുതപ്പെടുന്നു. ഇവർക്കായി പ്രത്യേക ട്രെയിൻ സർവീസുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സംഘാടക സമിതി ജനറൽ സെക്രട്ടറി രവിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read : ഗംഗയിലെ ജലം കുടിക്കാന്‍ കഴിയുന്ന വിധം ശുദ്ധം; നടക്കുന്നത് മഹാ കുംഭമേളയെ തകര്‍ക്കാനുള്ള അജണ്ട; യോഗി ആദിത്യനാഥ്
കുംഭമേളയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകിയത് വലിയ വിവാദമായിട്ടുണ്ട്. ഉത്സവം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന് സംഘാടകർ ആരോപിച്ചു. മാസങ്ങളായി ഭാരതപ്പുഴയുടെ തീരത്ത് ജോലികൾ നടന്നിട്ടും തിരുനാവായ പഞ്ചായത്തോ ജില്ലാ ഭരണകൂടമോ തടസ്സമുന്നയിച്ചിരുന്നില്ലെന്നും, മലപ്പുറം കളക്ടർ വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും രവിനാഥ് അവകാശപ്പെട്ടു. സ്റ്റോപ്പ് മെമ്മോ വകവെക്കാതെ മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
സർക്കാർ നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. ഭക്തരെ തളർത്താനും കുംഭമേള അട്ടിമറിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം കുംഭമേളയ്ക്ക് മാത്രമാണോ ബാധകമെന്ന് ഹിന്ദു ഐക്യവേദി നേതാവ് പി.കെ. ശശികല ചോദിച്ചു. പമ്പാനദിയുടെ തീരത്ത് നടക്കുന്ന മാരാമൺ കൺവെൻഷനെ പരാമർശിച്ചായിരുന്നു അവരുടെ വിമർശനം. ഗംഗാതീരത്ത് കുംഭമേള നടത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here