കത്തിയും പെട്രോളുമായി കാത്തുനിന്നു; തിരുവല്ലയിൽ 19കാരിയെ ക്രൂരമായി കൊന്ന പ്രതിക്ക് ജീവപര്യന്തം

തിരുവല്ലയിൽ നടുറോഡിൽ 19 വയസ്സുള്ള വിദ്യാർത്ഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിനാണ് (24) അഡിഷനൽ ജില്ലാ കോടതി ജീവപര്യന്തം വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ 5 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത് 2019 മാർച്ച് 12-ന് രാവിലെ 9.11-ന് തിരുവല്ല ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിൻ്റെ മകളായ കവിതയാണ് കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർത്ഥിനിയായിരുന്ന കവിതയെ, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠിയായിരുന്ന അജിൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
Also Read : ക്ഷേത്രത്തിനുള്ളിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ച് പൂജാരി; 75കാരൻ പിടിയിൽ
പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സംഭവ ദിവസം രാവിലെ മൂന്ന് കുപ്പി പെട്രോൾ, ഒരു കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണ് പ്രതി അജിൻ ചിലങ്ക ജംക്‌ഷനിൽ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ മുന്നിലേക്ക് കയറി വഴി തടസ്സപ്പെടുത്തിയ ശേഷം, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി ആദ്യം കവിതയെ കുത്തിപ്പരുക്കേൽപ്പിച്ചു. വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കവിതയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചു. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിത 9 ദിവസത്തിന് ശേഷം മാർച്ച് 20-ന് മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാനായാണ് പ്രതി കൂടുതൽ പെട്രോൾ കരുതിയതെന്നും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
Also Read : ലഹരിക്ക് അടിമയെങ്കിലും ഭാര്യയെ ക്രൂരമായി കൊന്നത് സ്വബോധത്തില്‍; താമരശ്ശേരി പോലീസും മറുപടി പറയണം
കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് കോടതിയിൽ തെളിയിക്കപ്പെട്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി. ആക്രമണത്തിന്റെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കൂടാതെ, പെട്രോൾ വാങ്ങുന്നതിനായി പ്രതി എടിഎമ്മിൽ കയറുന്നതിൻ്റെയും പമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കത്തിയിലെ രക്തക്കറ, ദൃക്‌സാക്ഷികൾ, കവിത നൽകിയ മരണമൊഴി എന്നിവയും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. തിരുവല്ല പോലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ അന്വേഷണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here