ആനന്ദിന്റെ മരണത്തിൽ കുരുങ്ങി ബിജെപി; നേതാക്കളെ ഇന്ന് ചോദ്യം ചെയ്തേക്കും

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് നിർണയത്തിലെ തർക്കത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി-ആർഎസ്എസ് നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. ആത്മഹത്യക്കുറിപ്പിൽ പേരെടുത്തു പറഞ്ഞ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൂജപ്പുര പോലീസ്.
മണ്ണ് മാഫിയയ്ക്ക് സ്ഥാനാർത്ഥിത്വം നൽകി എന്ന ഗുരുതര ആരോപണമുയർത്തിയാണ് ആനന്ദ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ ഈ വിഷയത്തിൽ പങ്കുണ്ടെന്ന് പറയുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡിൽ സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, തൃക്കണ്ണാപുരം വാർഡിലെ പ്രാദേശിക നേതാക്കളായ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ, കൃഷ്ണകുമാർ, രാജേഷ് എന്നിവരെ പോലീസ് ചോദ്യം ചെയ്യും. ആനന്ദിന്റെ കുടുംബത്തിന്റെ മൊഴിയും ഇന്ന് പോലീസ് രേഖപ്പെടുത്തും. കുടുംബത്തിന് സംഭവത്തിൽ ആക്ഷേപമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരം നഗരസഭയിൽ ഭരണം പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ നേരിട്ട് രംഗത്തിറങ്ങി പദയാത്രകൾ സംഘടിപ്പിക്കുന്നതിനിടയിലാണ് പാർട്ടിയെ വെട്ടിലാക്കി കൊണ്ട് ആനന്ദ് ആത്മഹത്യ ചെയ്തത്. ആനന്ദ് പാർട്ടി പ്രവർത്തകനല്ലെന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാക്കൾ കൈകഴുകാൻ ശ്രമിക്കുന്നതിനിടെ, നെടുമങ്ങാട്ടെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശാലിനിയും ആർഎസ്എസ് നേതാക്കളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ സംഭവങ്ങളെല്ലാം ചേർന്ന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here