അനിലിന്റേയും ആനന്ദിന്റെയും ആത്മഹത്യ, പിന്നാലെ പെരിങ്ങമല ബാങ്ക് അഴിമതി; തിരുവനന്തപുരത്തെ ബിജെപിക്കിത് കെട്ടകാലം

തലസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് ഇത് തലവേദനയുടെ കാലം. പ്രവർത്തകരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിന് പിന്നാലെയാണ് നേതൃത്വം നടത്തിയ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തുവരുന്നത്. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. പണം പലിശ സഹിതം തിരിച്ചടക്കാനാണ് നിർദേശം.
ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന സഹകരണ നിയമം ലംഘിച്ചാണ് ബി.ജെ.പി നേതാക്കൾ വായ്പയെടുത്തതെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ ബാങ്കിന് ഏകദേശം 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എസ്. സുരേഷ് ഉൾപ്പെടെ 16 പേരാണ് ഭരണസമിതിയിൽ ഉണ്ടായിരുന്നത്. ബാങ്ക് പ്രസിഡന്റായിരുന്ന ആർ.എസ്.എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി. പത്മകുമാറും 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ഭരണസമിതിയിലെ ഏഴ് പേർ 46 ലക്ഷം രൂപ വീതവും, ഒമ്പത് പേർ 16 ലക്ഷം രൂപ വീതവും തിരിച്ചടയ്ക്കണം.
Also Read : ജീവനൊടുക്കിയ പ്രവർത്തകനെ തള്ളി ബിജെപി; വിഭ്രാന്തിയെന്ന് ഗോപാലകൃഷ്ണൻ; ശിവസേനക്കാരനെന്ന് സുരേഷ്
ഈ കേസുകളുമായി ബന്ധപ്പെട്ട് തിരുവന്തപുരത്തെ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. തിരുമല ബി.ജെ.പി കൗൺസിലറായിരുന്ന തിരുമല അനിൽകുമാറിനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ വിവാദമായിരുന്നു. അനിൽകുമാർ നേതൃത്വം നൽകിയ സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നതിൽ പാർട്ടി ഇടപെട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. അതുപോലെ, അടുത്തിടെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർ.എസ്.എസ് നേതാവ് ആനന്ദ് തമ്പിയെ പാർട്ടി തള്ളി പറയുകയും മറ്റ് അണികൾ സോഷ്യൽ മീഡിയയിലൂടെ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയതും തിരുവനന്തപുരത്ത് ബിജെപി നേതൃത്വം വലിയ തലവേദന സൃഷ്ടിച്ചിരുന്നുരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here