ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍; ഞെട്ടൽ മാറാതെ എൽഡിഎഫ്

ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കാനൊരുങ്ങുന്ന ബിജെപിയിൽ, മേയർ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾ സജീവം. ഡെപ്യൂട്ടി മേയർ സ്ഥാനം സ്ത്രീ സംവരണമായാത്തതിനാൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുതിർന്ന ബിജെപി നേതാവും മുൻ ജില്ലാ പ്രസിഡന്റുമായ വി വി രാജേഷാണ് മേയർ സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്ന മറ്റൊരു നേതാവ്. സംസ്ഥാന സമിതി വി വി രാജേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Also Read : മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുൻ കൗണ്‍സിലര്‍; ‘ജനകീയത ഇല്ലാതാക്കി; പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം’

നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടതുമുന്നണി കുത്തക തകർത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രപരമായ വിജയം നേടിയ ബിജെപി ഭരണം ഉറപ്പിക്കുകയായിരുന്നു. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവല ഭൂരിപക്ഷ സംവിധാനമനുസരിച്ച് നഗരസഭ ഭരിക്കാൻ ബിജെപിക്ക് ഒരു സീറ്റുകൂടി വേണം. ഒരു സ്വതന്ത്രനെ കൂടി കൂടെകൂട്ടി 51 സീറ്റുറപ്പിക്കാനുള്ള അവസാന ഘട്ട നീക്കത്തിലാണ് ബിജെപി ക്യാമ്പ്. വിജയം ജീവിതത്തിലെ നാഴികകല്ലാണെന്നും മേയർ സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം പാർട്ടി നേതൃത്വമെടുക്കുമെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയം നേടിയ വി വി രാജേഷും, മേയറെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിജെപി സംസ്ഥാന നേതൃത്വമാണ് നടത്തുകയെന്നും പ്രതികരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ക്യാമ്പിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം ലഭിച്ചതിന്റെ ആഹ്ലാദം ബിജെപി ക്യാമ്പിൽ പ്രകടമാണ്. എൻഡിഎയുടെ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ട്. നാല് പതിറ്റാണ്ടായി കോട്ടപോലെ നിലനിന്ന തലസ്ഥാനത്തെ പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ്. ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട യുഡിഎഫ് ആകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 29 സീറ്റുകൾ നേടിയ എൽഡിഎഫ് കോർപ്പറേഷനിൽ പ്രധാന പ്രതിപക്ഷമായി മാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top