ശബരീനാഥൻ എന്ന ചീട്ട് മതിയാകില്ല തലസ്ഥാനം പിടിക്കാൻ; കോൺഗ്രസ് നീക്കം നിരീക്ഷിച്ച് എൽഡിഎഫും ബിജെപിയും

ഒരാഴ്ചയ്ക്കുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ച് മുന്‍കൈ നേടിയ യു.ഡി.എഫിന്റെ ലക്ഷ്യം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്നത് മാത്രമല്ല. നിയമസഭാ കൂടി കണക്കിലെടുത്ത് ആണ് ഏറ്റവും പുതിയ സർജിക്കൽ സ്ട്രൈക്ക്. തലസ്ഥാനത്തെ നഗരസഭാ ഭരണം എന്നും ബാലികയറാ മലയായ യു.ഡി.എഫിന് സംസ്ഥാന ഭരണം പിടിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഇത് പിടിച്ചെടുത്തേ മതിയാകൂവെന്ന സ്ഥിതിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്. ശബരിനാഥനെ തന്നെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിന് ഒരുങ്ങുന്നതും.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്കാലവും നിലനിന്നുപോരുന്ന ഒരു വിശ്വാസമാണ് തലസ്ഥാന ജില്ലയിലെ മേല്‍കോയ്മ. തിരുവനന്തപുരം ജില്ലയില്‍ ആരു മേൽക്കൈ നേടുമോ, അവര്‍ ഭരണത്തില്‍ എത്തുമെന്നതാണ് രാഷ്ട്രീയ കക്ഷികള്‍ക്കിടയിലെ പൊതു വിശ്വാസം. അതുകൊണ്ടുതന്നെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും തലസ്ഥാന ജില്ലയ്ക്ക് കൂടുതല്‍ ശ്രദ്ധനല്‍കികൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് യു.ഡി.എഫ് കച്ചയൊരുക്കുന്നതും. മുന്‍പ് പല തിരഞ്ഞെടുപ്പുകളിലും ഈ വിശ്വാസം സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, കഴിഞ്ഞ രണ്ടു തവണ ഇക്കാര്യം കൃത്യമായി വ്യക്തമായതാണ്.
Also Read : തലസ്ഥാനം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ്; ശബരിനാഥനെ മുന്നിൽ നിർത്തി പടയൊരുക്കം
2016ലും 2021ലും നിയമസഭയില്‍ തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫിന്റെ സ്ഥിതി വളരെ മോശമായിരുന്നു. 2016ല്‍ രണ്ടു സീറ്റുണ്ടായിരുന്നത് 2021 ആയപ്പോള്‍ ഒന്നായി കുറയുകയും ചെയ്തു. മാത്രമല്ല, നഗരസഭയുള്‍പ്പെടെ തലസ്ഥാന തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫിന് മേല്‍കൈ ഈ കാലഘട്ടങ്ങളില്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അതൊക്കെ മറികടക്കാനാണ് യുവനിരയെ രംഗത്തിറക്കി ഒരു പുത്തന്‍ പോരാട്ടത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നതും. എന്നാല്‍ അത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അത്ര സുഗമമാണെന്ന് പറയാന്‍ കഴിയില്ല.
Also Read : ശബരിനാഥനല്ല, സതീശൻ വന്നാലും എൽഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് ദയനീയ പരാജയം: വി ശിവൻകുട്ടി
നിലവില്‍ നഗരസഭയില്‍ പത്തുസീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. അവരെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി പ്രതിപക്ഷത്തിന്റെ ചുമതല വഹിക്കുന്നത് തന്നെ ബി.ജെ.പിയുമാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് കണ്ടതും. 2015ല്‍ ഇടതുമുന്നണിയുടെ നിലയും അത്ര മെച്ചമായിരുന്നില്ലെങ്കിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അത് മാറ്റിമറിയ്ക്കാനുമായിട്ടുണ്ട്. എന്നാല്‍ ഇക്കുറി പതിവിന് വിപരീതമായി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുക എന്നതിനാണ് കോണ്‍ഗ്രസ് തയാറെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മേല്‍കൈ നേടിയതും.
കെ.എസ്. ശബരീനാഥനെ പോലെ തലസ്ഥാനജില്ലയില്‍ സുപരിചിതനായ ഒരു യുവനേതാവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയതിലൂടെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങളില്‍ തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത് എന്ന സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. സാധാരണ നഗരസഭയില്‍ മത്സരിച്ച് ജയിക്കുന്നവര്‍ പിന്നീട് നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന ചരിത്രമാണ് പൊതുവില്‍ നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ നിയമസഭാംഗമായിരുന്ന ഒരു വ്യക്തി, ഒരുപക്ഷേ അടുത്തതവണ അധികാരം ലഭിച്ചാല്‍ മന്ത്രിവരെ ആകാന്‍ സാദ്ധ്യതയുള്ള ഒരു യുവാവിനെ മേയര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തികാട്ടുന്നതിലൂടെ നഗരസഭയുടെ മുഖച്ഛായമാറ്റുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Also Read : പന്തളത്ത് സ്വാമി അയ്യപ്പന്‍ ബസ് സ്റ്റാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എങ്ങും ഭക്തിമയം
സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചതിലൂടെ മറ്റൊരു നേട്ടവും അവര്‍ക്ക് കൈവരിക്കാനായിട്ടുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സീറ്റ് വിഭജന ചര്‍ച്ചകളും മറ്റുമായി ദിവസങ്ങള്‍ പിന്നിട്ട് യു.ഡി.എഫിലാകെ തമ്മിലടിയാണ് എന്ന പ്രതീതിവരുത്തിയിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസില്‍ നടക്കാറുള്ളത്. എന്നാല്‍ അതിന് വിപരീതമായി ഇക്കുറി ഒരു തര്‍ക്കവും ഇതുവരെയില്ലാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായത് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ഐക്യം ഉയര്‍ത്തിക്കാട്ടുന്നതാണെന്ന വാദവും അവര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നേരത്തെ കഴിഞ്ഞ പശ്ചാത്തലത്തില്‍ അവര്‍ക്ക് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷാറായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന സ്ഥിതിയും ഇത് ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഈ തന്ത്രം ഇടതുമുന്നണി ബി.ജെ.പി കേന്ദ്രങ്ങളില്‍ ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. മൂന്നാം ഭരണം എന്ന ലക്ഷ്യവുമായി രംഗത്തിറങ്ങുന്ന ഇടതുമുന്നണിക്ക് നഗരസഭാഭരണം എന്നത് വിട്ടുകൊടുക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ അവര്‍ ഈ തന്ത്രങ്ങളെ വളരെ ശ്രദ്ധയോടെ തന്നെ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ബാധിക്കില്ല എന്നാണ് പരസ്യ നിലപാട്.
എന്നാല്‍ ബി.ജെ.പിയുടെ സ്ഥിതി അങ്ങനെയാണെന്ന് പറയാനും കഴിയില്ല. കഴിഞ്ഞ കുറേനാളുകളായി ബി.ജെ.പിയിലെ പടലപിണക്കങ്ങള്‍ വളരെ രൂക്ഷമാണ്. അവയില്‍ പലതും പരസ്യമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. നഗരസഭാ കൗണ്‍സിലറയിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യയും അതില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കികൊണ്ട് ബി.ജെ.പിയുടെ തലസ്ഥാനത്തെ മുഖങ്ങളില്‍ ഒന്നായ എം.എസ്. കുമാര്‍ രംഗത്തുവന്നതും അവരെ വല്ലാതെ വലയ്ക്കുന്നുണ്ട്.
എല്ലാത്തിലുപരിയായി കഴിഞ്ഞ രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുണ്ടാക്കിയ നേട്ടം പ്രധാനമായും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പിടിച്ചെടുത്തു കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങിയാല്‍ ആ സീറ്റുകളിലെ ഫലങ്ങള്‍ മാറിമറിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വലിയ പ്രതീക്ഷയോടെ കഴിഞ്ഞ തവണ നഗരസഭയിലെ പ്രതിപക്ഷനേതൃത്വം കൈയാളിയ ബി.ജെ.പി അത് ശരിയായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. എന്തായാലും മുന്‍പേ പായുകയെന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തന്ത്രം മറ്റു രണ്ടു കൂട്ടരേയും വല്ലാത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here