തലസ്ഥാനം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ്; ശബരിനാഥനെ മുന്നിൽ നിർത്തി പടയൊരുക്കം

തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. എൽഡിഎഫിൽ നിന്നും കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ച് മേയർ പദം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളെ കളത്തിലിറക്കുന്നത്. മുൻ എംഎൽഎ കെഎസ് ശബരിനാഥനാണ് മേയർ സ്ഥാനാർഥി. ശബരിനാഥൻ കവടിയാറിൽ മത്സരിക്കും. കെ.മുരളീധരന്റെയും വിഎസ് ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പ്രചാരണ ജാഥകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
യുവജന പങ്കാളിത്തത്തിനും വനിതാ പ്രാതിനിധ്യത്തിനും ഊന്നൽ നൽകിയാണ് പ്രഖ്യാപനം. കോർപ്പറേഷൻ്റെ നിലവിലെ ഭരണത്തിനെതിരായ ജനവികാരം മുതലെടുക്കാനും യുവജനങ്ങളെ ആകർഷിക്കാനും ശേഷിയുള്ള സ്ഥാനാർത്ഥികളെയാണ് പ്രധാനമായും മുൻനിരയിൽ അണിനിരത്തിയിട്ടുള്ളത്. ആകെയുള്ള സ്ഥാനാർത്ഥികളിൽ 40 ശതമാനത്തിലധികം പേർ 35 വയസ്സിൽ താഴെയുള്ളവരാണ്. രാഷ്ട്രീയത്തിൽ പുതിയ മുഖങ്ങൾ കൊണ്ടുവന്ന് മാറ്റം സൃഷ്ടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അമ്പത് ശതമാനത്തിലധികം വാർഡുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രശസ്തരായ വനിതകളെയാണ് പല പ്രധാന വാർഡുകളിലും മത്സരിപ്പിക്കുന്നത്. മുൻ കൗൺസിലർമാരായ വി ആർ പ്രകാശ് (പേരൂർക്കട), ഡോ എൽ മഞ്ജുള (കവടിയാർ) എന്നിവരടക്കം പരിചയസമ്പന്നരായ നേതാക്കളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ വികസന മുരടിപ്പ്, മാലിന്യ സംസ്കരണത്തിലെ പാളിച്ചകൾ, നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവയാണ് യുഡിഎഫ് പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തുന്നത്. നിലവിലെ ഭരണസമിതി നഗരവികസനത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് കോൺഗ്രസിൻ്റെ ശ്രമം.ശക്തമായ ത്രികോണ മത്സരം തന്നെയാണ് തലസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ, മറ്റു മുന്നണികളും ഉടൻ തന്നെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here