തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി ഇപ്പോഴും തിരുനക്കര തന്നെ; റിപ്പോര്‍ട്ടുമില്ല നടപടിയുമില്ല; കോണ്‍ഗ്രസിലെ കോമഡി കമ്മറ്റി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് ഒരു അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. കോട്ടയം എംഎല്‍എയും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്‍ അഴകേശന്‍, ഡോ. ആരിഫ എന്നിവര്‍ കൂടി അംഗങ്ങളായ സമിതി 2002 ജനുവരി നാലിന് ചുമതലയേല്‍ക്കുകയും ചെയ്തു.
സമിതി ചുമതല ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസിലെ എല്ലാ പരാതികളും അച്ചടക്ക സമിതി അന്വേഷിക്കും എന്ന് പ്രഖ്യാപനം പതിവായി. ഇത്തരത്തില്‍ ഏതെങ്കിലും വിഷയത്തില്‍ സമിതി അന്വേഷണം നടത്തിയതായോ നടപടി എടുത്തതായോ ഒരു വിവരവും വന്നിട്ടില്ല. ഇപ്പോള്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതിലും പതിവുപോലെ അച്ചടക്ക സമിതി പരിശോധിക്കുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് മാധ്യമങ്ങളെ നേരത്തെ അറിയിക്കുകയും എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും ചെയ്തതിലും അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഡി സതീശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചത്. ഇന്നേക്ക് വര്‍ഷം തികഞ്ഞിട്ടും എക്‌സിക്യൂട്ടിവിലെ വാര്‍ത്ത ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തിയിട്ടുമില്ല. ആര്‍ക്കെതിരേയും നടപടി എടുത്തിട്ടുമില്ല.
വയനാട്ടിലെ നിര്‍ണായകമായ കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവിലെ വിവരങ്ങള്‍ ചോര്‍ന്നതിലും ഇതുപോലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിലും ഒരു നടപടിയും ഉണ്ടായതായി അറിവില്ല. സ്വന്തം നിലയില്‍ പലസ്തീന്‍ അനുകൂല പരിപാടി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിന്റെ നടപടിയിലും അന്ന് അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. ആര്യാടന്‍ ഷൗക്കത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംഎല്‍എയും ആയിട്ടുണ്ട്.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ മാത്രമാണ് തിരുവഞ്ചൂര്‍ സമിതി ഒരു റിപ്പോര്‍ട്ട് നല്‍കിയത്. അതാകട്ടെ ആരോപണ വിധേയരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതും. നേതൃത്വം ജാഗ്രത കാട്ടിയില്ലെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദങ്ങളെ തണുപ്പിക്കാനുള്ള പ്രഖ്യാപനത്തിന് മാത്രമുള്ളതായി മാറുകയാണ് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here