‘ഇത് മഹാരാഷ്ട്രയാണ് ഭായ്’; ഹിന്ദിയിൽ സംസാരിക്കാൻ പറഞ്ഞവരോട് ആമിർ ഖാൻ

മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിനിടെ ഉയരുന്ന ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ആമിർ ഖാൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്.

വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ആമിർ ഖാൻ മറാത്തി ഭാഷയിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം മറാത്തിയിൽ അഭ്യർത്ഥിച്ചു. എന്നാൽ ഇത് ഹിന്ദിയിൽ കൂടി പറയണമെന്ന് ചില മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്. ‘ഹിന്ദിയിലോ? ഇത് മഹാരാഷ്ട്രയാണ് ഭായ്,’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. വാർത്ത ഡൽഹിയിലും സംപ്രേക്ഷണം ചെയ്യുമെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അദ്ദേഹം ഹിന്ദിയിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയായിരുന്നു.

മുംബൈ തെരഞ്ഞെടുപ്പിൽ ഇത്തവണ ഹിന്ദി – മറാത്തി ഭാഷാ തർക്കം വലിയ ചർച്ചാവിഷയമാണ്. മുംബൈയിൽ ഹിന്ദി സംസാരിക്കുന്ന ആൾ മേയറാകുമെന്ന് ബിജെപി നേതാവ് കൃപാശങ്കർ സിംഗ് പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ശക്തമായി രംഗത്തെത്തിയിരുന്നു. മറാത്തി ജനത ഒന്നിക്കണമെന്ന് താക്കറെ സഹോദരന്മാർ ആവശ്യപ്പെടുമ്പോൾ, ഉത്തരേന്ത്യക്കാർ മുംബൈയിൽ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top