‘ഇതൊരു തിരഞ്ഞെടുപ്പല്ല, ജനാധിപത്യ യുദ്ധമാണ്’; വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് വിജയ്

സിബിഐ ചോദ്യം ചെയ്യലിനും സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനും പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് കടുപ്പിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി കീഴടങ്ങില്ലന്നും, ആർക്കും മുന്നിൽ തലകുനിക്കില്ലന്നും വിജയ് പ്രഖ്യാപിച്ചു. മാമല്ലപുരത്ത് നടന്ന പാർട്ടി ഭാരവാഹികളുടെ തന്ത്രപ്രധാന യോഗത്തിലാണ് വിജയ് ആവേശം വിതറുന്ന പ്രസംഗം നടത്തിയത്.
തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു മത്സരമല്ല, മറിച്ച് ജനാധിപത്യ യുദ്ധമാണെന്ന് വിജയ് പറഞ്ഞു. പാർട്ടിയുടെ പ്രവർത്തകർ ഈ യുദ്ധം നയിക്കുന്ന തന്റെ ‘കമാൻഡോകൾ’ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഡിഎംകെയെ ‘തിന്മയുടെ ശക്തി’ എന്നും എഐഎഡിഎംകെയെ ‘അഴിമതി ശക്തി’ എന്നും വിജയ് പരിഹസിച്ചു. ഈ രണ്ട് ശക്തികളെയും നേരിടാൻ ധൈര്യമുള്ള ഏക പാർട്ടി ടിവികെ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അണ്ണാദുരൈയെ അദ്ദേഹത്തിന്റെ പേര് പാർട്ടിയിലുള്ളവർ പോലും ഇന്ന് മറന്നുപോയെന്നും വിജയ് കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും നാളെ മുതൽ ടിവികെ പ്രചാരണ യാത്ര ആരംഭിക്കും. തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ വിജയ് മാത്രമായിരിക്കും തീരുമാനമെടുക്കുക.
കരൂർ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സിബിഐ വിജയ്‍യെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമെ വിജയ്‍യുടെ പുതിയ ചിത്രം ‘ജനനായകൻ’ സെൻസർ ബോർഡ് തടഞ്ഞതും വലിയ വിവാദമായിരിക്കുകയാണ്. സിനിമയുടെ റിലീസിനായി വിജയ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here