SV Motors SV Motors

‘ഉപദ്രവിച്ചവർ ആയുധങ്ങള്‍ മാത്രം’; തീരുമാനമെടുത്തവർ പുറത്തെന്നും ടി ജെ ജോസഫ്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് കൈവെട്ട് കേസിലെ ആറുപ്രതികൾ കുറ്റക്കാരെന്ന എൻഐഎ കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി ടി ജെ ജോസഫ്. രാജ്യത്തിന്റെ നീതി നടപ്പിലാക്കപ്പെടുന്നു. എന്നാല്‍ പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. തന്നെ ആക്രമിച്ചവർ ആയുധങ്ങൾ മാത്രമാണെന്നും അതിന് തീരുമാനമെടുത്തവർ കാണാമറയത്താണെന്നും ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ടി ജെ ജോസഫിന്റെ വാക്കുകള്‍:

2015-ൽ ആദ്യഘട്ട വിധിയുണ്ടായപ്പോള്‍ പറഞ്ഞതേ ഇന്നും പറയാനുള്ളൂ. പ്രതികളെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ശിക്ഷയില്‍ വ്യക്തിപരമായി ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. 

ഈ കേസിലെ പ്രതികളും എന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവര്‍ എന്നെ ഉപദ്രവിച്ചത്. അവർ വെറും ആയുധങ്ങൾ മാത്രമാണ്. മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. കുറ്റകൃത്യത്തിന് തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്താണ്. യഥാർത്ഥ കുറ്റവാളികളായ അവരെ പിടിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആദ്യം ജയിലിലാകേണ്ടത് പ്രാകൃത നിയമങ്ങളും വിശ്വാസങ്ങളുമാണ്. ആ വിശ്വാസത്തെയാണു ആദ്യം ഉന്മൂലനം ചെയ്യേണ്ടത്. രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പുള്ള ചില വിശ്വാസ സംഹിതകളാണ് ഇവിടെ വില്ലന്‍. അതേ പ്രാകൃത വിശ്വാസങ്ങളുടെ ഇരയായിട്ടാണ് കാണാമറയത്തുള്ള മനുഷ്യരും പ്രവർത്തിക്കുന്നത്. ആധുനികമനുഷ്യരാകാൻ അവരെയും ബോധവൽക്കരിക്കണം.

എല്ലാ മനുഷ്യരും ശാസ്ത്രബോധം ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് ആധുനിക പൗരന്മാരായിട്ട് മാറേണ്ട കാലം അതിക്രമിച്ചു. മനുഷ്യര്‍ പ്രാകൃതമായ വിശ്വാസങ്ങളില്‍നിന്ന് മോചിതരായി നല്ല മനുഷ്യരായിട്ട് മാറണമെന്ന് ആഗ്രഹിക്കുന്നതായും ടി ജെ ജോസഫ് കൂട്ടിച്ചേർത്തു.

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിൽഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കുറ്റക്കാർക്കുള്ള ശിക്ഷ വ്യാഴാഴ്ച വൈകിട്ട് മൂന്നിനു പ്രസ്താവിക്കും.

2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ന്യൂമാൻ കോളേജ് വിദ്യാർത്ഥികള്‍ക്കായുള്ള ചോദ്യപേപ്പറിലെ ഒരു ചോദ്യം മതനിന്ദ ഉളവാക്കുന്നതാണെന്ന ആരോപണമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഒന്നാം ഘട്ട വിചാരണയില്‍ 13 പ്രതികളെ കോടതി നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. 18 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയാവുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top