ന്യൂനപക്ഷ- ഭൂരിപക്ഷ ചേരുവകൾ സമാസമം വിതറി; നാട്ടുകാർ ഞങ്ങളെ പഞ്ഞിക്കിട്ടെന്ന് ഐസക്ക്

പാലസ്തീൻ ഐക്യദാർഡ്യവും ഇടത് ഹിന്ദുത്വവും ഞങ്ങൾ ആഘോഷപൂർവം നടത്തിയിട്ടും ഭൂരിപക്ഷ – ന്യൂനപക്ഷ വിഭാഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചില്ലെന്ന മുൻ മന്ത്രി തോമസ് ഐസക്കിൻ്റെ തുറന്ന് പറച്ചിൽ പാർട്ടി വെച്ചു നടത്തുന്ന തട്ടിപ്പിൻ്റെ കുമ്പസാരം കൂടിയാണ്. വർഷങ്ങളായി ന്യൂനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചും പ്രീണിപ്പിച്ചും നടത്തിയിരുന്ന അഭ്യാസങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെന്നാണ് സിപിഎം നേതാവ് സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയത്. വോട്ട് തട്ടുന്നതിന് വേണ്ടി മാത്രമാണ് പാലസ്തീൻ ഐക്യദാർഡ്യവും അയ്യപ്പ സംഗമവും നടത്തിയതെന്ന് പരോക്ഷമായി സമ്മതിക്കയാണ്.
“പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. പലസ്തീൻ ഐക്യദാർഡ്യ കാമ്പയിൻ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. “ഇടത് ഹിന്ദുത്വ”യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നത്? അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോ?”
ന്യൂനപക്ഷ- ഭൂരിപക്ഷ വിഷയങ്ങളിൽ ഒരു ശതമാനം പോലും ആത്മാർത്ഥതയില്ലാതെ വെറും നാടകം മാത്രമാണ് സിപിഎം നടത്തിയിരുന്നതെന്ന് പറയാതെ പറയുകയാണ് ഐസക്ക്. ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ തന്നെ ആർ എസ് എസുമായി ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തമുണ്ടാക്കാൻ സിപിഎം ശ്രമിച്ചതും തിരിച്ചടിയായി. പാർട്ടി ഏറ്റെടുക്കുന്ന വിഷയങ്ങളോട് തെല്ലും ആത്മാർത്ഥതയില്ലായിരുന്നുവെന്നാണ് കമൻ്റുകളിൽ തെളിയുന്നത്.
തരാതരം പോലെ സമുദായങ്ങളേയും ജാതി മത സംഘടനകളെ താലോലിച്ചിട്ടും അതൊന്നും വോട്ടായില്ലെന്നാണ് ഐസക്കിൻ്റെ പക്ഷം. പിണറായി വിജയനെതിരെയുള്ള ഒളിയമ്പു കൂടിയാണ് ഫെയ്സ് ബുക്കിലെ ഏറ്റുപറച്ചിൽ. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തെറ്റുതിരുത്തി വലിയ കാമ്പയിൻ നടത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് ഐസക്കിൻ്റെ കണ്ടെത്തൽ. പോസ്റ്റിനെതിരെ അതിരൂക്ഷമായ കമൻ്റുകളാണ് അണികളിൽ നിന്ന് വന്ന് കൊണ്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here