പെൺകുട്ടികൾ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തി എബിവിപി നേതാക്കൾ ; പിടിവീണത് ഇങ്ങനെ

മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ എ.ബി.വി.പി. നേതാക്കൾ വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് ചിത്രീകരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. എ.ബി.വി.പി. ലോക്കൽ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് ഭാരവാഹികളായ അജയ് ഗൗർ, ഹിമാൻഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.
മന്ദ്‌സൗറിലെ മഹാരാജ യശ്വന്ത് റാവു ഹോൽക്കർ ഗവൺമെന്റ് കോളജ് പ്രിൻസിപ്പലാണ് ബുധനാഴ്ച ബാൻപുര പോലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച കോളജിൽ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർഥിനികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ എ.ബി.വി.പി. നേതാക്കൾ ചിത്രീകരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംശയം തോന്നിയ പെൺകുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളജ് അധികൃതർ കെട്ടിടത്തിലെ സി.സി.ടി.വി. കാമറകൾ പരിശോധിച്ചു. പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേറ്റർ വഴി വിദ്യാർഥി നേതാക്കൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത് സി.സി.ടി.വി. ക്യാമറയിൽ വ്യക്തമായതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. പ്രീതി ശർമ പറഞ്ഞു.
പിടിയിലായ മൂന്നുപേരും കോളജിലെ മൂന്നാം വർഷ ബി.എ. വിദ്യാർഥികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ബാൻപുര പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here