ജിം പരിശീലകൻ്റെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മുറിയിൽ സ്റ്റിറോയ്ഡ് ഗുളികകളും പൗഡറുകളും

തൃശ്ശൂർ കുമരനെല്ലൂർ സ്വദേശിയും ജിം പരിശീലകനുമായ മാധവിൻ്റെ (28) മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വേഗത്തിൽ ശരീര സൗന്ദര്യം നേടുന്നതിനായി യുവാവ് ഉപയോഗിച്ച മരുന്നുകളും പൗഡറുകളും അമിതമായതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also Read : മെനോപോസ് സംഭവിക്കുന്ന ആണുങ്ങൾ!! പുരുഷൻമാരിലെ ആർത്തവവിരാമം

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ മാധവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിൻ്റെ മുറിയിൽ നിന്ന് അപകടകരമായ മരുന്നുകൾ കണ്ടെടുത്തു. വേഗത്തിൽ മാംസപേശികൾ വളരാൻ സഹായിക്കുന്ന സ്റ്റിറോയ്ഡുകൾ, പ്രോട്ടീൻ പൗഡർ, കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ക്ലെൻബ്യൂട്ടറോൾ ഗുളികകൾ ഇവയുടെ അമിത ഉപയോഗമാണ് യുവാവിന്റെ ഹൃദയത്തെ തകർത്തത്.

പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ ടി.എസ് ഹിതേഷ് ശങ്കർ ഈ വിവരം സ്ഥിതീകരിച്ചു. മരുന്നുകളുടെ അമിത ഉപയോഗമാണ് മാധവിൻ്റെ മരണത്തിലേക്ക് നയിച്ചത്. മരുന്നുകളുടെ അമിത ഉപയോഗം യുവാവിന്റ ഹൃദയമിടിപ്പിൻ്റെ താളം തെറ്റിച്ചു. രക്തം കട്ടപിടിക്കുന്നതിനും രക്തസമ്മർദം വർധിക്കുന്നതിനും ഇത് കാരണമായി.

Also Read : ജിമ്മുകളിലെ ഉത്തേജക മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നു; 50 ജിമ്മുകളില്‍ നിന്നു മാത്രം പിടിച്ചത് ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍

ഹൃദയാഘാതത്തിനു പുറമെ, ഈ മരുന്നുകൾ വൃക്കകളുടെയും കരളിൻ്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സ്റ്റിറോയ്ഡുകളുടെയും പ്രോട്ടീൻ പൗഡറിൻ്റെയും അമിത ഉപയോഗം എല്ലിന് ബലക്ഷയം ഉണ്ടാക്കാനും മൂത്രത്തിൽ യൂറിയയുടെ അളവ് വർധിപ്പിക്കാനും ഇടയാക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

സാധാരണ മനുഷ്യന് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 മുതൽ 1.2 ഗ്രാം വരെ പ്രോട്ടീൻ മാത്രമാണ് ഒരു ദിവസം ആവശ്യമുള്ളത്. അത്‌ലീറ്റുകൾക്ക് പോലും ഇത് 2 ഗ്രാം വരെ മാത്രമേ ആവശ്യമുള്ളൂ. ഇത് സാധാരണ ഭക്ഷണക്രമത്തിലൂടെ കൈവരിക്കാനാകുന്ന അളവാണ്. ജിമ്മുകളിൽ സൗന്ദര്യവർധക ഉപാധികളായി ഇത്തരം മരുന്നുകളും ഉപയോഗം നിരുത്സാഹപ്പെടുത്താൻ യുവാക്കൾക്കിടയിൽ അടിയന്തരമായ ബോധവൽക്കരണം ആവശ്യമാണെന്നും ഡോക്ടർ ഓർമിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top