ലുലുമാളിൻ്റെ പേരിൽ കാശടിക്കാന്‍ മുൻമന്ത്രി നോക്കിയെന്ന വെളിപ്പെടുത്തൽ പുറത്തേക്ക്; യൂസഫലി ഉന്നംവച്ചത് സിപിഐയെ

തൃശൂരില്‍ ലുലുമാള്‍ ഉയരാന്‍ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ആരോപണം വിരല്‍ ചൂണ്ടുന്നത് കൃഷി, റവന്യൂ വകുപ്പുകള്‍ കൈയാളുന്ന സിപിഐക്കെതിരെയാണ്. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നാണ് യൂസഫലി ഇന്നലെ തൃശൂരില്‍ ഒരു ചടങ്ങില്‍ പരസ്യമായി പറഞ്ഞിരുന്നു. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാള്‍.

സിപിഐയുടെ പ്രാദേശിക നേതാവായ ടിഎന്‍ മുകുന്ദനാണ് തൃശൂരിലെ പുഴയ്ക്കലില്‍ പണിയുന്ന മാളിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി നിലം നികത്തിയാണ് മാള്‍ പണിയുന്നത് എന്ന് ആരോപിച്ചാണ് മുകുന്ദന്‍ കോടതിയെ സമീപിച്ചത്. താന്‍ വ്യക്തിപരമായിട്ടാണ് കോടതിയെ സമീപിച്ചതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പൗരന്‍ എന്ന നിലയില്‍ നിയമവിരുദ്ധമായി നിലം നികത്തിയതിനെതിരെയാണ് താന്‍ കേസ് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐയുടെ വരന്തരപിള്ളി ലോക്കല്‍ കമ്മറ്റിയംഗവുമാണ് ടിഎന്‍ മുകുന്ദന്‍.

തൃശൂരില്‍ ഇതിനുമുമ്പും യൂസഫലിയും സിപിഐയും തമ്മില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2006ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തൃശൂര്‍ മുന്‍ കലക്ടറും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയുമായിരുന്ന കെഎസ് പ്രേമചന്ദ്രകുറുപ്പ് എഴുതിയ ആത്മകഥയില്‍ സിപിഐ നേതാവും റവന്യൂമന്ത്രിയുമായ കെ പി രാജേന്ദ്രന്റെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

തൃശൂരിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണ ഘട്ടത്തില്‍ അന്നത്തെ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ഉടക്കുവെച്ച് കാശ് വാങ്ങാന്‍ ശ്രമിച്ചു വെന്നാണ് പ്രേമചന്ദ്രക്കുറുപ്പ് ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് ‘ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ‘കഴുകന്‍ കണ്ണുകളുമായി കെ പി രാജേന്ദ്രന്‍’ എന്നുള്ള പ്രത്യേക അടിക്കുറിപ്പുമായി വിവരിക്കുന്ന ഭാഗത്ത് സിപിഐയെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട് .

‘ഒരു ദിവസം മന്ത്രി രാജേന്ദ്രന്‍ എന്നെ വിളിക്കുന്നു. വിഎസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ഗവണ്മെന്റ് വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു. യൂസഫലിക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ പണിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു നിര്‍ദ്ദേശം നിലവിലുണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നും, നിയമതടസ്സങ്ങള്‍ ഒന്നുമില്ലെന്നുള്ള എന്റെ മറുപടി രാജേന്ദ്രനെ വിഷമിപ്പിച്ചു എന്നു തോന്നി.

വേണ്ട, അനുമതി നല്‍കരുത്, പ്രശ്‌നം ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. അതിനു ശേഷം ഗവണ്മെന്റ് നിര്‍ദ്ദേശം അനുസരിച്ച് തീരുമാനം എടുത്താല്‍ മതി. രാജേന്ദ്രന്‍ ശക്തമായി ആവശ്യപ്പെട്ടു.യാതൊരു നിയമ തടസ്സങ്ങളുമില്ലെന്നും അനുമതി നല്‍കുന്നതിന് കലക്ടര്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നുള്ള എന്റെ മറുപടി മന്ത്രി രാജേന്ദ്രന് തീരെ ഇഷ്ടപ്പെടില്ല.

വേണ്ട, പ്രശ്‌നം ഗവണ്മെന്റിലേക്ക് അയച്ചേ മതിയാകൂ. ഉടനെ അയക്കണം. ഇടത് മുന്നണി തീരുമാനം അനുസരിച്ച് ഗവണ്മെന്റ് തീരുമാനം വരട്ടെ. അതുവരെ ഒരു അനുമതിയും നല്‍കേണ്ടതില്ല.

കെ പി രാജേന്ദ്രന്റെ ബുദ്ധിയും തന്ത്രവും വ്യക്തമായിരുന്നു. ലോകമെമ്പാടും പരന്നു പന്തലിച്ചു നടക്കുന്ന വ്യാപാര ശൃംഖലയുടെ അധിപനാണ് എംഎ യൂസഫലി. യൂസഫലി ‘രാജേന്ദ്രനെ കാണേണ്ട പോലെ കണ്ടാല്‍’ രാജേന്ദ്രന്‍ അനുമതി നല്‍കും’. ( പേജ് 290/ 291)

പലവിധ സമ്മര്‍ദ്ദങ്ങള്‍ മന്ത്രി നടത്തിയതിന്റെ ഫലമായി ഫയല്‍ സര്‍ക്കാരിലേക്ക് അയച്ചു. ഒടുവില്‍ വീണ്ടും കലക്ടറുടെ അടുക്കലേക്ക് തിരിച്ചെത്തിയതോടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പണി തുടങ്ങി. കാശടിക്കാനുള്ള കെപി രാജേന്ദ്രന്റെ മോഹങ്ങള്‍ പൂവണിഞ്ഞില്ലെന്നും പ്രേമചന്ദ്രക്കുറുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും തൃശൂരില്‍ സിപിഐക്കാരുടെ പാരവെപ്പിന് തന്റെ പ്രോജക്റ്റ് ഇരയായി എന്നാണ് യൂസഫലി പറഞ്ഞു വെക്കുന്നത്. സിപിഐ നേതാവ് ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top