റോഡിന് കമ്മിഷണറുടെ പേരിട്ട് നാട്ടുകാർ; ഹീറോയായി ഇളങ്കോ ഐപിഎസ്; എന്നാൽ നിരാശപ്പെടുത്തി പ്രതികരണം…

ഇക്കഴിഞ്ഞ 28ന് അർധരാത്രി തൃശൂരിൽ പൊലീസ് വാഹനങ്ങൾ ആക്രമിച്ച് അഴിഞ്ഞാടിയ ഗുണ്ടകൾ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി. പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത ഗുണ്ടകളെ പിറ്റേന്ന് രാവിലെ എല്ലാവരും കാണുന്നത് ആശുപത്രിയിലാണ്. ആർക്കും എഴുന്നേറ്റ് നടക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. പൊലീസ് തല്ലി കയ്യും കാലും ഒടിച്ചെന്ന് ഇവരിൽ ചിലർ ക്യാമറ കണ്ടപ്പോൾ വിളിച്ചു പറയുകയും ചെയ്തു. ഇതിൽ പ്രതികരണം ആരാഞ്ഞപ്പോൾ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ നടത്തിയ പ്രതികരണം വൈറലായി.
“ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെ പോലെയും പ്രവർത്തിച്ചു” – ഈ വാക്കുകൾ പൊലീസുകാർക്കിടയിലും വലിയ സ്വീകാര്യത ഉണ്ടാക്കി. പലപ്പോഴും പൊലീസുകാർ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം മേലുദ്യോഗസ്ഥർ കൈകഴുകി മാറുകയാണ് പതിവ്. ഇവിടെ പക്ഷെ പൊലീസിന് കൈക്കരുത്ത് കാട്ടേണ്ടി വന്നപ്പോൾ അതിനൊപ്പം നിൽക്കുകയും, പ്രതിക്കൂട്ടിലാകാവുന്ന സാഹചര്യം ഉള്ളപ്പോഴും അത് സധൈര്യം ഏറ്റെടുത്ത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു എന്നത് കൊണ്ടാണ് ഇളങ്കോ എന്ന താരതമ്യേന ചെറുപ്പക്കാരനായ ഐപിഎസുകാരൻ സ്വീകാര്യനായത്.
തൃശൂരിൽ മാത്രമല്ല, സാധാരണക്കാർക്കിടയിലും ഈ നിലപാടിന് സ്വീകാര്യത ഉണ്ടായി എന്നതിന് തെളിവാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. അതിൻ്റെ തുടർച്ചയാണ് തൃശ്ശൂർ നെല്ലങ്കരയിലെ റോഡിന് ‘ഇളങ്കോ നഗർ’ എന്നു പേരിടാൻ നാട്ടുകാർ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. വിവരം അറിഞ്ഞയുടൻ അത് നീക്കം ചെയ്യാൻ ഇളങ്കോ നാട്ടുകാരോട് ഇളങ്കോ അഭ്യർത്ഥിച്ചു. അതനുസരിച്ച് രാത്രി തന്നെ ബോർഡ് വച്ചവർ തന്നെ അത് നീക്കം ചെയ്തു. പ്രശസ്തിക്കും കൈയ്യടിക്ക് വേണ്ടിയുള്ളതല്ല പൊലീസ് ജോലി എന്നായിരുന്നു ഇക്കാര്യത്തിൽ ഇളങ്കോയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here