ബിജെപിക്കാരുടെ തലയടിച്ച് പൊട്ടിച്ച് പിണറായി പോലീസ്!! വോട്ടര്‍പട്ടിക ക്രമക്കേടിലെ പ്രതിഷേധം തൃശൂരിൽ കലാപമാകുന്നു

വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങളില്‍ തൃശൂരില്‍ സംഘര്‍ഷം. സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ വാക്കേറ്റവും കരിഓയില്‍ പ്രയോഗവും ഒക്കെയായാണ് കളം നിറയുന്നത്. ഇതിനിടയില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം ഉന്നയിച്ച് ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. ബിജെപി പ്രകടനത്തിന് നേരയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിൽ ജില്ലാ പ്രസിഡൻ്റിൻ്റെ തലപൊട്ടി. ബോധപൂർവം തലയിൽ ലാത്തിക്ക് അടിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസിലേക്ക് ആദ്യം പ്രകടനം നടത്തിയത് സിപിഎം ആയിരുന്നു. ഇത് പോലീസ് ബാരക്കേഡ് വച്ച് തടഞ്ഞു. പിന്നാലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഎം പ്രവര്‍ത്തകൻ കരിഓയില്‍ ഒഴിച്ചു. ഈ സമയം പോലീസ് നോക്കിനിന്നു. പിന്നാലെ ബോര്‍ഡില്‍ ചെരുപ്പ് മാല ഇടാനും ശ്രമമുണ്ടായി. ഇത് തടഞ്ഞ പോലീസ് ഇയാളെ പിടികൂടി ജീപ്പിൽ കയറ്റി. എന്നാല്‍ സിപിഎമ്മുകാര്‍ ബലമായി ഇറക്കി കൊണ്ടുപോയി. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഎം പ്രകടനം നടത്തിയത്.

സിപിഎം പ്രകോപനത്തിന് പിന്നാലെ ബിജെപിയും പ്രതിഷേധവുമായി ഇറങ്ങി. ബിജെപി ഓഫീസില്‍നിന്ന് ആദ്യം പഴയ നടക്കാവിലേക്കും അവിടെനിന്ന് തൃശ്ശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കും എന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് അപ്രതീക്ഷിതമായി പാഞ്ഞടുത്തു. ഇതോടെ പ്രതിരോധിക്കാന്‍ സിപിഎം പ്രവര്‍ത്തകരും സംഘടിച്ച് എത്തി.

ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആയിരുന്നു പോലീസിന്റെ ലാത്തിചാര്‍ജ് മുഴുവന്‍ നടന്നത്. ഇതിനിടയിലും സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയായിരുന്നു. എന്നാല്‍ പോലീസ് നടപടി ഏകപക്ഷീയമായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജിൽ ജില്ലാ അധ്യക്ഷന്‍ ജസ്റ്റിൻ ജേക്കബ് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് അടിയേറ്റു. തലയ്ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്.

സംസ്ഥാന വ്യാപകമായി ഈ വിഷയം ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി വൈകിയും സംസ്ഥാനത്ത് പലയിടങ്ങളിലും പ്രകടനം നടന്നു. നാളെ മുഴുവന്‍ ജില്ലകളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top