തൃശൂരിൽ ഒരു അഡ്രസിൽ നടന്നത് 9 കള്ളവോട്ടുകൾ; ആരോപണവുമായി വീട്ടമ്മ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വീട്ടമ്മ. തന്റെ മേൽവിലാസത്തിൽ ഒൻപത് കള്ളവോട്ടുകൾ ചെയ്തുവെന്നാണ് ആരോപണം. വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തത്. തിരഞ്ഞെടുപ്പ് കമ്മീഷനുവരെ പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും പ്രസന്ന അശോകൻ പറഞ്ഞു.
തൃശ്ശൂർ സ്വദേശിയായ പ്രസന്ന, ക്യാപിറ്റൽ വില്ലേജ് എന്ന ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരടക്കം 10 പേരാണ് ഈ അഡ്രസിൽ വോട്ടർ പട്ടികയിൽ ഉള്ളത്. എന്നാൽ ഇവരാരും തൻ്റെ ബന്ധുക്കളോ തനിക്ക് അറിയുന്ന വ്യക്തികളോ അല്ലെന്നാണ് വീട്ടമ്മയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് കള്ളവോട്ട് നടന്നെന്ന വിവരം കേട്ടിരുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിഞ്ഞില്ല എന്നായിരുന്നു പ്രസന്ന പറഞ്ഞത്.
വോട്ടർ സ്ലിപ്പ് കൊടുക്കുന്ന സമയത്താണ് ഇക്കാര്യം അറിഞ്ഞത് എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ പട്ടികയിൽ പേരുള്ളത് കൊണ്ട് തന്നെ ഈ വോട്ടുകൾ പോൾ ചെയ്തു. പിന്നീട് നേതാക്കൾ വന്ന് സംസാരിച്ച ശേഷമാണ് വിവരം അറിയുന്നത്. അതിനു ശേഷമാണു പരാതി നൽകിയത്. എന്നാൽ അവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം യുഡിഎഫും എൽഡിഎഫും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ആരോപിച്ച ബെംഗളൂരുവിലെ വോട്ടുമോഷണത്തിൻ്റെ മാതൃകയിൽ തൃശ്ശൂരിലും നടന്നു എന്നായിരുന്നു ആരോപണം. സുരേഷ് ഗോപിക്കായി ബിജെപി ആയിരക്കണക്കിന് വോട്ടുകൾ ചേർത്തു എന്നാണ് ആരോപണം ഉന്നയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here