തൃശൂരിലെ കള്ളവോട്ട് ആരോപണം ശരിവച്ച് ബൂത്ത് ലെവൽ ഓഫീസർ; ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണം ശരിവെച്ച് ബൂത്ത് ലെവൽ ഓഫീസർ. തൃശൂർ പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ തന്റെ മേൽവിലാസത്തിൽ 9 കള്ളവോട്ടുകൾ നടനെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ബൂത്ത് ലെവൽ ഓഫീസർ ആനന്ദ് സി മേനോൻ ശരിവെച്ചത്. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടംപിടിച്ചതെന്നാണ് ആനന്ദ് വെളിപ്പെടുത്തിയത്.
നിയമപ്രകാരം എല്ലാ നടപടികളും ഇതിനെതിരെ സ്വീകരിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്ന് തനിക്ക് അറിയില്ലെന്നാണ് ആനന്ദ് പറഞ്ഞത്. എൽഡിഎഫും യുഡിഎഫും ബിഎൽഒമാർക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇവരുടെ അറിവോടു കൂടിയാണ് വോട്ടർമാരെ ചേർത്തതെന്നാണ് ആരോപണം.
എന്നാൽ ഈ ആരോപണം തീർത്തും തള്ളുകയാണ് ആനന്ദ്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്ത ആളുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷമാണ് ലിസ്റ്റിൽ പേര് ചേർത്തത്. ലിസ്റ്റിൽ ആബ്സെന്റ് വോട്ടുകൾ ഉണ്ടെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചിരുന്നു. പിന്നെ എങ്ങനെയാണ് ഈ 9 പേർ ലിസ്റ്റിൽ എത്തിയതെന്ന് അറിയില്ലെന്നായിരുന്നു ആനന്ദ് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിലെ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിൽ താമസിച്ചിരുന്ന പ്രസന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ മേൽവിലാസത്തിൽ 9 പേർ കള്ളവോട്ട് ചെയ്‌തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇവരെ ആരെയും തനിക്ക് അറിയില്ല. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടായിലെന്നും വീട്ടമ്മ പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here