പഴയ പിണക്കങ്ങൾ പഴങ്കഥ; തുഷാർ പെരുന്നയിലേക്ക്; ചരിത്രപരമായ ഐക്യനീക്കം

കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും തമ്മിലുള്ള ചരിത്രപരമായ ഐക്യനീക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നു. ഐക്യ ചർച്ചകൾക്കായി എസ്.എൻ.ഡി.പി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും. പിന്നാക്ക-ഭൂരിപക്ഷ വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ച് പോരാടുക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക വോട്ട് ബാങ്കായി മാറി രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുക. രണ്ട് സമുദായങ്ങൾക്കും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പൊതുവായ ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ആലപ്പുഴയിൽ ചേർന്ന എസ്.എൻ.ഡി.പി യോഗം കൗൺസിലിലാണ് എൻ.എസ്.എസുമായി സഹകരിക്കാനുള്ള നിർണ്ണായക തീരുമാനമുണ്ടായത്. ഐക്യത്തിനായി ആര് മുൻകൈ എടുക്കണമെന്ന ചോദ്യത്തിന്, തുഷാർ വെള്ളാപ്പള്ളി തന്നെ നേരിട്ട് പോയി സുകുമാരൻ നായരെ കാണട്ടെ എന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ചർച്ചകൾക്ക് ശേഷം ഇരു സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കാനും പദ്ധതിയുണ്ട്. മുന്നണികളിൽ മുസ്ലിം ലീഗ് അടക്കമുള്ള മതന്യൂനപക്ഷ പാർട്ടികൾ കൈവരിക്കുന്ന അമിത സ്വാധീനത്തെ പ്രതിരോധിക്കാനാണ് ഈ ഐക്യത്തിലൂടെ ഹിന്ദു സമുദായ സംഘടനകൾ ലക്ഷ്യമിടുന്നത്. “നായാടി മുതൽ നസ്രാണി വരെ” എന്ന മുദ്രാവാക്യമുയർത്തി വലിയൊരു ജനകീയ ഐക്യനിര കെട്ടിപ്പടുക്കാനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
വർഷങ്ങളായി നിലനിന്നിരുന്ന സംവരണ തർക്കങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും അറുതിവരുത്തിക്കൊണ്ടാണ് എൻ.എസ്.എസും എസ്.എൻ.ഡി.പിയും കൈകോർക്കുന്നത്. സമുദായ നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ചില നേതാക്കളുടെ ശ്രമത്തിനുള്ള മറുപടിയാണിതെന്ന് ഇരു സംഘടനകളും വ്യക്തമാക്കുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മേധാവിത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ സമാന ചിന്താഗതിയുള്ള എല്ലാവരെയും ഒന്നിപ്പിക്കാനാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here