ട്രംപിന് മുന്നിൽ നിവർന്നുനിൽക്കാൻ ലോകത്തെ പഠിപ്പിച്ച് മോദി; താരിഫ് ഭീഷണി മുതൽ ടിയാൻജിൻ കൂടിക്കാഴ്ച വരെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച വ്യാപാര സമ്മർദ്ദങ്ങളെ ഇന്ത്യ നേരിട്ടത് തന്ത്രപൂർവ്വമായ നയതന്ത്ര നീക്കങ്ങളിലൂടെ. താരിഫ് ഭീഷണിയും റഷ്യയിൽ എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കാനുള്ള താക്കീതുകളെയും ഇന്ത്യ തല ഉയർത്തി പിടിച്ച് നേരിടുകയായിരുന്നു.

ഇന്ത്യയുടെ രണ്ട് സുപ്രധാന മേഖലകളെ ലക്ഷ്യം വച്ചാണ് ട്രംപ് നീക്കങ്ങൾ നടത്തിയത്. കാർഷിക മേഖലയും പ്രതിരോധ മേഖലയും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നു കൊടുക്കണമെന്ന ആവശ്യവും, റഷ്യയിൽ നിന്ന് എണ്ണയും S-400 പോലുള്ള പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നത് നിർത്തണമെന്ന ഭീഷണിയുമാണ് അമേരിക്ക ഉയർത്തിയത്.

“ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. അതിന്റെ വില എത്ര വലുതാണെങ്കിലും നൽകാൻ ഞാൻ തയ്യാറാണ്,” അമേരിക്കൻ താരിഫ് ഭീഷണിക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇന്ത്യ ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുന്ന നിമിഷമായിരുന്നു അത്. റഷ്യയുമായുള്ള ദീർഘകാല പ്രതിരോധ ബന്ധം അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിക്കളഞ്ഞതിലൂടെ, തങ്ങളുടെ വിദേശനയം തീരുമാനിക്കുന്നത് അമേരിക്കയല്ല എന്ന വ്യക്തമായ സന്ദേശം ഇന്ത്യ നൽകി.

ടിയാൻജിനിലെ ഇന്ത്യൻ നയതന്ത്ര നീക്കം

പ്രതിരോധത്തിലൂടെയുള്ള നിലപാട് ഉറപ്പിച്ച ശേഷം, മോദി നയതന്ത്രപരമായ ആക്രമണത്തിന് തുടക്കമിട്ടു. അതിന്റെ കേന്ദ്രമായിരുന്നു ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടി. അമേരിക്കൻ സമ്മർദ്ദം കൊടുമ്പിരികൊണ്ടിരിക്കെ, ടിയാൻജിനിൽ നടന്ന SCO ഉച്ചകോടിയിൽ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾ അമേരിക്കയ്ക്കുള്ള അടിയായിരുന്നു. ഇതിനെ നയതന്ത്ര ലോകം വിശേഷിപ്പിച്ചത് ‘ടിയാൻജിൻ ടാംഗോ’ എന്നാണ്.

ഈ കൂടിക്കാഴ്ചകളിലൂടെ, ട്രംപിന്റെ ഏകപക്ഷീയമായ നയങ്ങൾക്കെതിരെയുള്ള ചേരിക്ക് ഇന്ത്യ പിന്തുണ നൽകുന്നുവെന്ന സന്ദേശം അമേരിക്കയ്ക്ക് കൈമാറി. നയതന്ത്രപരമായ സമ്മർദ്ദങ്ങളിലൂടെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വിള്ളലുകൾ സൃഷ്ട്ടിച്ചാൽ ആ വിടവ് നികത്താൻ ചൈനയും റഷ്യയും തയ്യാറാണെന്ന നിശ്ശബ്ദമായ മുന്നറിയിപ്പും ഇതിലുണ്ടായിരുന്നു.

ഇന്ത്യൻ നീക്കങ്ങളിൽ പകച്ച് അമേരിക്ക

ടിയാൻജിനിലെ തന്ത്രപരമായ ഇന്ത്യൻ നീക്കങ്ങൾ ഫലം കണ്ടു. ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്ന അമേരിക്കൻ ഭരണകൂടം തങ്ങളുടെ നിലപാടിൽ അയവ് വരുത്തി. മാസങ്ങളോളം താരിഫ് ഭീഷണി മുഴക്കിയിരുന്ന ട്രംപ്, പെട്ടെന്ന് തന്നെ പ്രധാനമന്ത്രി മോദിയെ “പ്രിയ സുഹൃത്ത്” എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് വാചാലനാവുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഒരു വലിയ സാമ്പത്തിക ശക്തിയുടെ ഭീഷണികളെ, നയം വിട്ടുകൊടുക്കാതെ, മറ്റ് സഖ്യങ്ങളെ തന്ത്രപരമായി ഉപയോഗിച്ച് എങ്ങനെ നേരിടാമെന്ന് തെളിയിച്ച ഇന്ത്യയുടെ ഈ നയതന്ത്രം, ലോകത്തെ മറ്റ് രാജ്യങ്ങൾക്ക് ഒരു പുതിയ പാഠമായി മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top