ആനയും കടുവയും എല്ലാം നാട്ടില്‍ തന്നെ; ഒരു ജീവന്‍ കൂടി നഷ്ടമായി; പതിവ് പ്രഖ്യാപനവുമായി വനം വകുപ്പ്

സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായി. മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ ജീവനെടുത്ത് കടുവ. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ ടാപ്പിങിന് എത്തിയപ്പോഴാണ് കടുവ ആക്രമിച്ചത്. സമദ് എന്ന സഹപ്രവര്‍ത്തകനൊപ്പമാണ് ഗഫൂര്‍ തോട്ടത്തില്‍ എത്തിയത്.

കടുവ ഇരുവരേയും ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. സമദ് ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിന്റെ കഴുത്തില്‍ കടിച്ച കടുവ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് ആക്രമണം ഉണ്ടായത്. സമദാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പിന്നാലെ വനം വകുപ്പും പോലീസും നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

നേരത്തെ തന്നെ ഇവിടെ വന്യ മൃഗങ്ങളുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് എംഎല്‍എ എപി അനില്‍ കുമാര്‍ ആരോപിച്ചു. വനം വകുപ്പിന്റെ അലംഭാവമാണ് ഒരാളുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

ഗഫൂറിന്റെ ജീവന്‍ നഷ്ടമായതിന് പിന്നാലെ പതിവ് പ്രഖ്യാപനവുമായി വനം വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക ജോലിയും നല്‍കും. കൂടാതെ കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top