വ്യോമസേനയുടെ ചിറകിലേറി കടുവയുടെ ആകാശയാത്ര! വംശവർദ്ധനവിനായി നടന്ന അത്യപൂർവ്വ ദൗത്യം

മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിൽ നിന്ന് പിടികൂടിയ മൂന്ന് വയസ്സുള്ള പെൺകടുവയെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ രാജസ്ഥാനിലേക്ക് കൊണ്ടുപോയി. കടുവകളുടെ ജനിതക വൈവിധ്യം (Genetic Diversity) വർദ്ധിപ്പിക്കുന്നതിനും എണ്ണം കൂട്ടുന്നതിനുമായിട്ടാണ് ഈ അത്യപൂർവ്വമായ സ്ഥലംമാറ്റം.
കഴിഞ്ഞ 24 ദിവസമായി വനംവകുപ്പിനെ വെട്ടിച്ച് നടന്ന കടുവയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ആനകളെ ഉപയോഗിച്ച് വളഞ്ഞ ശേഷം മയക്കുവെടി വെച്ചാണ് കടുവയെ കീഴ്പ്പെടുത്തിയത്. വ്യോമസേനയുടെ MI-17 ഹെലികോപ്റ്ററിൽ കൂറ്റൻ കൂടിനുള്ളിലാക്കിയാണ് കടുവയെ രാജസ്ഥാനിലെ രാംഗഢ് വിഷ്ധാരി കടുവാ സങ്കേതത്തിലേക്ക് എത്തിച്ചത്.
വിദഗ്ദ്ധരായ ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും യാത്രയിലുടനീളം കടുവയെ നിരീക്ഷിക്കാൻ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. കടുവയെ നിരീക്ഷിക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള 50ഓളം ക്യാമറ ട്രാപ്പുകളും മോഷൻ സെൻസർ ക്യാമറകളും പെഞ്ച് വനമേഖലയിൽ സ്ഥാപിച്ചിരുന്നു. ഒരു മാസത്തോളമായി നടന്ന ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഈ ദൗത്യം വിജയിച്ചത്.
വിവിധ വനമേഖലകളിലെ കടുവകൾ തമ്മിലുള്ള ജനിതക വൈവിധ്യം മെച്ചപ്പെടുത്താനാണ് പെഞ്ച് കടുവാ സങ്കേതത്തിലെ ‘PN-224’ എന്ന കടുവയെ രാജസ്ഥാനിലേക്ക് മാറ്റിയത്. വന്യജീവി സംരക്ഷണത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മികച്ച സഹകരണത്തിന്റെ ഉദാഹരണമായി ഈ ദൗത്യം മാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here