അവിടെ മർഫി, ഇവിടെ മാങ്കൂട്ടത്തിൽ!! ഭ്രൂണവധം നിയമക്കുരുക്കായാൽ രാഹുലും കോൺഗ്രസും ഊരിപ്പോകില്ല

ഒരേ വിഷയത്തിൽ, രണ്ട് രാജ്യങ്ങളിൽ, രണ്ട് നേതാക്കൾ… അമേരിക്കൻ കോൺഗ്രസ് അംഗം ടിം മർഫിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച വിവാദത്തിൻ്റെ തനിപകർപ്പാണ് ഇപ്പോൾ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്നതും. ഒരു സ്ത്രീയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു എന്ന സമാനമായ ആരോപണമാണ് രണ്ട് നേതാക്കൾക്കെതിരെയും ഉണ്ടായിരിക്കുന്നത്. പരാതിക്കാരി രംഗത്തെത്തിയില്ല എന്ന സമാനതയും രണ്ടിലുമുണ്ട്. എന്നാൽ ടിം മർഫി സ്വീകരിച്ച ധാർമിക നിലപാട് ഇവിടെയാർക്കും ഉണ്ടായിട്ടില്ല എന്നതാണ് വ്യത്യാസം.
അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന ടിം മർഫി പെൻസിൽവാനിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയിരിക്കെയാണ് കുരുക്കിലായത്. ഗർഭച്ഛിദ്രത്തിന് എതിരായ നിലപാടുകൾ എപ്പോഴും സ്വീകരിച്ചിരുന്ന മർഫി, അതിനെതിരെയുള്ള നിയമങ്ങൾ കൊണ്ടുവരാൻ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ കാമുകിയുമായി നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്താവുകയും അത് മർഫിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്തതാണ് പിന്നീട് ലോകം കണ്ടത്.
ഇപ്പോൾ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും സമാന സ്വഭാവമുള്ളതാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും, രാഹുൽ ഇപ്പോഴും പാലക്കാട് എംഎൽഎ സ്ഥാനത്ത് തുടരുകയാണ്. ഒരു സ്ത്രീയുമായി നടത്തിയ സംഭാഷണങ്ങളിൽ അവരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും, വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ആണ് പുറത്തുന്ന ഓഡിയോ റെക്കോർഡുകളിൽ ഉള്ളത്.
ടിം മർഫിയുടെ പ്രവർത്തി അമേരിക്കൻ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും, ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ഒരു സ്ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇന്ത്യൻ ശിക്ഷാ നിയമം (IPC) സെക്ഷൻ 313 അനുസരിച്ച്, ‘സ്ത്രീയുടെ സമ്മതമില്ലാത്ത ഗർഭച്ഛിദ്രം’ ജീവപര്യന്തം തടവുവരെ ലഭിക്കാവുന്നതാണ്. ഗർഭച്ഛിദ്രത്തിന് സ്ത്രീയുടെ സമ്മതം മാത്രമാണ് ആവശ്യമെന്ന് 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (MTP) വ്യക്തമാക്കുന്നു.
രാഹുലും കോൺഗ്രസിൽ ഒരുകൂട്ടരും ഇപ്പോഴും വാദിക്കുന്നത് പോലെ, മർഫിയുടെ കാര്യത്തിലും പരാതിക്കാരി രംഗത്ത് വന്നിരുന്നില്ല. എന്നാൽ ജനമധ്യത്തിൽ വെളിവായ കുറ്റകൃത്യത്തിൻ്റെ ഗൌരവം കണക്കിലെടുത്ത് ധാർമികത ഉയർത്തിപ്പിടിച്ച് മർഫി സ്വയം സ്ഥാനം ഉപേക്ഷിച്ചു. പരാതി കൂടി ഉണ്ടായാൽ തിരിച്ചടി എത്രത്തോളം വലുതാകുമെന്ന് മർഫി തിരിച്ചറിഞ്ഞു. ഇവിടെ ഇനിയും അത് തിരിച്ചറിയാത്തത് കോൺഗ്രസും പാലക്കാട് എംഎൽഎയുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here