തിരുപ്പതി മോഷണക്കേസിൽ പുതിയ വഴിത്തിരിവ്! എഫ്ഐആർ എടുക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിലെ മോഷണക്കേസിൽ ശക്തമായ നടപടിയെടുക്കാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി സംസ്ഥാനത്തെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനും (CID) അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും (ACB) നിർദ്ദേശം നൽകി.
മോഷണം മാത്രമല്ല, പ്രതിയുടെ സ്വത്തുക്കളും മുൻപ് ലോക് അദാലത്ത് വഴി നടത്തിയ ഒത്തുതീർപ്പും വിശദമായി അന്വേഷിക്കണം. ആവശ്യമെങ്കിൽ ആദായ നികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സഹായം തേടാനും കോടതി നിർദ്ദേശിച്ചു. കേസിലെ പ്രധാന പരാതിക്കാരനായ വൈ സതീഷ് കുമാർ അടുത്തിടെ മരിച്ചത് ദുരൂഹത ഉയർത്തിയിരുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (TTD) വിജിലൻസ് വിഭാഗം ജീവനക്കാരനായിരുന്ന സതീഷ് കുമാറിന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി സിഐഡിക്ക് നിർദ്ദേശം നൽകി. കേസ് ഡിസംബർ 16ന് വീണ്ടും പരിഗണിക്കും.
ഈ കേസിൽ മുൻ ടിടിഡി ചെയർമാനും വൈഎസ്ആർസിപി എംഎൽഎയുമായിരുന്ന ബി കരുണാകർ റെഡ്ഡി, മുൻ ടിടിഡി ചെയർമാനും വൈഎസ്ആർസിപി എംപിയുമായ വൈ വി സുബ്ബ റെഡ്ഡി, അന്നത്തെ ടിടിഡി എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന എവി ധർമ്മ റെഡ്ഡി എന്നിവരെ സിഐഡി ചോദ്യം ചെയ്തിരുന്നു.
2023 ഏപ്രിലിൽ, ടിടിഡിയുമായി ബന്ധമുള്ള മഠത്തിലെ ജീവനക്കാരനായ സിവി രവി കുമാർ, ക്ഷേത്രത്തിലെ പണം എണ്ണുന്നിടത്ത് വെച്ച് ഏകദേശം 82000 രൂപയോളം മോഷ്ടിക്കാൻ ശ്രമിച്ചതിന് പിടിയിലായി. കേസ് ആദ്യം ലോക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, പിന്നീട് ഈ കേസ് ലോക് അദാലത്ത് മുഖേന ഒത്തുതീർപ്പിലേക്ക് വഴിതിരിച്ചുവിട്ടു. ഈ ഒത്തുതീർപ്പ് പ്രകാരം, നഷ്ടപരിഹാരമായി 40 കോടിയോളം വിലമതിക്കുന്ന ഏഴ് സ്വത്തുക്കൾ ടിടിഡിക്ക് സംഭാവന ചെയ്യാൻ രവി കുമാർ വാഗ്ദാനം ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here