തിരുപ്പതി ക്ഷേത്രം കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ ഇടപാടിൽ അറസ്റ്റ്; ലഡ്ഡുവിലെ മൃഗക്കൊഴുപ്പിൽ വൻ ട്വിസ്റ്റ്

ലോകപ്രശസ്തമായ തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദം ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് സി.ബി.ഐ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഈ കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ ചെയർമാനും രാജ്യസഭാ എം.പിയുമായ വൈ.വി. സുബ്ബ റെഡ്ഡിയുടെ അടുത്ത സഹായിയായിരുന്ന ചിന്ന അപ്പണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മായം കലർന്ന നെയ്യ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷം രൂപയുടെ കമ്മീഷൻ തുക ഹവാല വഴി അപ്പണ്ണയ്ക്ക് ലഭിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. 2022-ൽ ടി.ടി.ഡി.യുടെ പ്രൊക്യൂർമെൻ്റ് വിഭാഗം ജനറൽ മാനേജരെ സമീപിച്ച അപ്പണ്ണ, നെയ്യ് വിതരണം ചെയ്യുന്ന കമ്പനികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന്, ഭോലെ ബാബ ഡയറി എന്ന കമ്പനിയെ സമീപിച്ച അപ്പണ്ണ, ടി.ടി.ഡിക്ക് നൽകുന്ന ഓരോ കിലോ നെയ്യിനും 25 രൂപ കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read : 4ദിനം കൊണ്ട് വിറ്റത് 14ലക്ഷം ലഡ്ഡു; വിവാദം തിരുപ്പതി ലഡ്ഡുവിനെ ബാധിച്ചില്ല
ഇതിനു വഴങ്ങാൻ ഭോലെ ബാബ ഡയറി വിസമ്മതിച്ചതോടെ, ടി.ടി.ഡി നിയമങ്ങൾ ലംഘിച്ച് അവരുടെ പ്ലാൻ്റിൽ വീണ്ടും പരിശോധന നടത്താൻ ജനറൽ മാനേജർക്ക് മേൽ അപ്പണ്ണ സമ്മർദ്ദം ചെലുത്തി. ഇതോടെ അടുത്ത ടെൻഡറിൽ നിന്ന് ഭോലെ ബാബ ഡയറി പുറത്തായി. തുടർന്ന് പ്രീമിയർ അഗ്രി ഫുഡ്സ് എന്ന കമ്പനിയുമായി അപ്പണ്ണ ഇടപാട് ഉറപ്പിച്ചു. ഭോലെ ബാബ ഡയറി നൽകിയിരുന്ന വിലയേക്കാൾ 138 രൂപ കൂടുതൽ ക്വോട്ട് ചെയ്ത പ്രീമിയർ അഗ്രി ഫുഡ്സിന് കരാർ ലഭിച്ചു. ഈ ഇടപാടിലൂടെയാണ് 50 ലക്ഷം രൂപ അപ്പണ്ണയ്ക്ക് ലഭിച്ചത്.
ടി.ടി.ഡി. ലഡ്ഡുവിൽ മായം കലർത്തിയെന്ന വിവാദം 2024 സെപ്റ്റംബറിലാണ് പൊട്ടിപ്പുറപ്പെട്ടത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മത്സ്യം, കന്നുകാലികളുടെ കൊഴുപ്പ്, പന്നിക്കൊഴുപ്പ് എന്നിവയുടെ അംശങ്ങൾ കണ്ടെത്തിയതായി ദേശീയ ക്ഷീര വികസന ബോർഡിൻ്റെ ലബോറട്ടറി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായത്. തമിഴ്നാട്ടിലെ ഒരു ഡയറിയിൽ നിന്ന് വിതരണം ചെയ്ത നെയ്യിലാണ് ഈ മായം കലർത്തൽ നടന്നതായി കണ്ടെത്തിയത്.
കേസിൽ ഇതുവരെ 15 പ്രതികളെയാണ് ആദ്യം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ അറസ്റ്റിലായ അപ്പണ്ണ ഉൾപ്പെടെ ഒൻപത് പേരെക്കൂടി പിന്നീട് പ്രതിപ്പട്ടികയിൽ ചേർത്തു. കേസിൽ കൂടുതൽ അന്വേഷണത്തിനായി അപ്പണ്ണയെ നവംബർ 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here