SV Motors SV Motors

ഇനി ടൈറ്റാനിക്കിലേക്ക് യാത്രയില്ല; പ്രവര്‍ത്തനമവസാനിപ്പിച്ച് ഓഷ്യന്‍ഗേറ്റ്

ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട ‘ടൈറ്റന്‍’ ജലപേടകത്തിന്റെ ഉടമകള്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക്. ടൈറ്റന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സബ്മറീന്‍ ഉടമകളായ ഓഷ്യന്‍ഗേറ്റ് താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഓഷ്യന്‍ഗേറ്റിന്റെ എല്ലാ പര്യവേക്ഷണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നു എന്നാണ് പ്രഖ്യാപനം. സ്ഫോടനത്തിന് പിന്നാലെ തന്നെ ഓഷ്യന്‍ഗേറ്റിന്റെ പര്യവേക്ഷണ വിഭാഗം പ്രവർത്തനം നിർത്തിയിരുന്നു.

ജൂണ്‍ 18-നാണ് വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തുവച്ചാണ് ടൈറ്റന്‍ പേടകവും അതിലെ അഞ്ച് യാത്രക്കാരും അപ്രത്യക്ഷമായത്. കനേഡിയന്‍, യുഎസ്, യുകെ നാവിക സേന സംയുക്തമായി നടത്തിയ തിരച്ചലിനൊടുവില്‍ ജൂണ്‍ 22 പുലര്‍ച്ചെയോടെ ടൈറ്റന്‍ പേടകം തകര്‍ന്നതായും അഞ്ചുയാത്രക്കാരും മരിച്ചതായും ഉടമകളായ ഓഷ്യന്‍ ഗേറ്റ് കമ്പനി ലോകത്തെ അറിയിച്ചിരുന്നു. ന്യൂഫൗണ്ട്ലാന്‍ഡ് തീരത്ത് നിന്ന് 400 മൈല്‍ (644 കിലോമീറ്റര്‍) അകലെ ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി (500 മീറ്റര്‍) താഴെനിന്നാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പേടകത്തിന്റെ വാല്‍ഭാഗം, മുന്നിലെയും പിന്നിലെയും ഭാഗങ്ങള്‍, മര്‍ദം നിയന്ത്രിക്കുന്ന ഭാഗം എന്നിവയുടെ അവശിഷ്ടങ്ങളാണ് കാനഡയുടെ ഹൊറൈസണ്‍ ആര്‍ട്ടിക് എന്ന കപ്പലിലെ റിമോട്ട് വാഹനം (ആര്‍.ഒ.വി.) കണ്ടെത്തിയത്. സമുദ്രാടിത്തട്ടിലെ അതിശക്തമായ മര്‍ദത്തെ അതിജീവിക്കാനാകാതെ ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിലാകാമെന്ന് നിഗമനം. എന്താണ് സംഭവിക്കുന്നതെന്ന് ഉള്ളിലുള്ളവര്‍ക്ക് മനസ്സിലാകുന്നതിനുമുമ്പ്, നിമിഷാര്‍ധം കൊണ്ടായിരിക്കാം സ്‌ഫോടനം (ഇംപ്ലോഷന്‍) സംഭവിച്ചിരിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്രിട്ടീഷുകാരനായ ഹാമിഷ് ഹാര്‍ഡിങ് (58), ബ്രിട്ടീഷ്-പാക് വ്യാപാരി ഷെഹ്‌സാദ് ദാവൂദ് (48), മകന്‍ സുലേമാന്‍ (19), ഓഷ്യന്‍ഗേറ്റ് കമ്പനി സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ് (61), ടൈറ്റന്‍ പേടകത്തിന്റെ പൈലറ്റ് പോള്‍ ഹെന്റി ഗാര്‍ജിയോല(77) എന്നിവരാണ് അപടകത്തില്‍ മരിച്ചത്.

വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ എവററ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ഗേറ്റ്, വിനോദസഞ്ചാരം, പര്യവേക്ഷണം, വ്യവസായം, ഗവേഷണം എന്നിവയ്ക്കായി ക്രൂഡ് സബ്മെര്‍സിബിള്‍ കപ്പലുകള്‍ നല്‍കുന്ന കമ്പനിയാണ്. 2009ല്‍ സ്റ്റോക്ക്ടണ്‍ റഷും ഗില്ലെര്‍മോ സോണ്‍ലെയ്‌നും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top