മുതുകുളം അവാർഡ് ടോണി ചിറ്റേട്ടുകളത്തിന്; പുരസ്കാരദാനം ഫെബ്രുവരി 28ന്

മലയാള സിനിമയിലെ ആദ്യ തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവൻപിള്ളയുടെ സ്മരണാർത്ഥം നൽകുന്ന 28-ാമത് മുതുകുളം അവാർഡിന് സംവിധായകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളം അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള ചലച്ചിത്ര-സാഹിത്യ-മാധ്യമ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി സജീവമാണ് ടോണി ചിറ്റേട്ടുകളം. 2017-ൽ പുറത്തിറങ്ങിയ ‘ചക്കരമാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവുമാണ് അദ്ദേഹം. കേരള പോലീസിന്റെ ‘ശുഭയാത്ര’ പദ്ധതിക്കായി മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പത്ത് ലഘുചിത്രങ്ങൾ ടോണി സംവിധാനം ചെയ്തിട്ടുണ്ട്. ‘നേരം വെളുക്കട്ടെ’, ‘ആൾ’ എന്നീ ചിത്രങ്ങൾ ഇപ്പോൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
Also Read : മോഹൻലാലിൻറെ ഫാല്‍ക്കെ പുരസ്കാരത്തിന് മോദിക്ക് ക്രെഡിറ്റ് നൽകി കേരള ബിജെപി; വിമർശനം വ്യാപകം
കഥ, നോവൽ, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി 40-ൽ അധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ചങ്ങഴിയൂര് (നോവൽ), മഴപ്പുസ്തകം, രാത്രി, മമ്മൂട്ടി- അഭ്രപാളിയിലെ ഇതിഹാസം, ഗിന്നസ് പക്രുവിന്റെ ജീവചരിത്രം, വി.ഡി. സതീശന്റെ ജീവിതവും രാഷ്ട്രീയവും പറയുന്ന ‘നേരനുഭവങ്ങൾ’ തുടങ്ങിയവ ശ്രദ്ധേയമാണ്.
ദീപിക പത്രത്തിന്റെ പത്രാധിപ സമിതി അംഗമായിരുന്ന ടോണി ദീപികയുടെ ആദ്യ അന്താരാഷ്ട്ര പതിപ്പായ ‘ദീപിക യൂറോപ്പിന്റെ’ എഡിറ്റർ ഇൻ ചാർജായാണ് വിരമിച്ചത്. തുടർന്ന് ‘മലയാളി സംഗമം’ ഗ്ലോബൽ വീക്കിലി പത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. നിലവിൽ കൊച്ചിയിലെ ലൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടറാണ്. നേരത്തെ നോറിവെറ്റ് പുരസ്കാരം, കെ. തായാട്ട് ബാലസാഹിത്യ പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 2026 ഫെബ്രുവരി 28-ന് മുതുകുളം കലാവിലാസിനി വായനശാലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here