ടിപി കേസ് പ്രതിയുടെ ജാമ്യാപേക്ഷ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ജ്യോതി ബാബുവിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനാണ് കണ്ണൂർ മെഡിക്കൽ കോളേജിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ശിക്ഷ അനുഭവിക്കാൻ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന പ്രതിയോട്, വൃക്ക നൽകാൻ ദാതാവിനെ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകുന്നതിനെ കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ജ്യോതി ബാബുവിന്റെ ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ കേസിന്റെ ഗുണദോഷങ്ങൾ നോക്കി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ജ്യോതി ബാബുവിന് ചികിത്സയ്ക്കായി ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here