കുഞ്ഞിന്റെ ചോറൂണിന് പരോൾ ആവശ്യപ്പെട്ട് ടിപി വധക്കേസ് പ്രതി; ആവശ്യം തള്ളി ഹൈക്കോടതി

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുഞ്ഞിൻറെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതിയായ സിജിത്തിന്റെ ഭാര്യയയാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം കോടതി നിഷേധിക്കുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സിജിത്തിന് പരോൾ നിഷേധിച്ചത്.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിന് പിന്നാലെയുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോറൂണിന്റെ സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാകണമെന്ന ആഗ്രഹം കാണിച്ചായിരുന്നു ഭാര്യ അഞ്ജു പരോൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു.
ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എന്നിവരും പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം കഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതികള്‍ക്ക് പലപ്പോഴായി 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജൻ, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കായിരുന്നു ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here