‘വി എസ്സിന്റെ വേർപാട് നികത്താൻ കഴിയാത്തത്; അദ്ദേഹം നയിച്ച പാർട്ടിയെ ശക്തിപ്പെടുത്തും’; ടിപി രാമകൃഷ്ണൻ.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വേർപാട് എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാർട്ടിയെയും മുന്നണിയെയും നയിക്കാൻ വിഎസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രോഗാവസ്ഥയിൽ പോലും പാർട്ടിയുടെ പല പ്രശ്നങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിഎസ് പ്രതികരിച്ചിരുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിഎസിന്റെ വേർപാട് ഒരിക്കലും നികത്താൻ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹം മുന്നോട്ടു കൊണ്ടു പോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുൻപിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3:20 നാണ് തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നു വി എസ്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. ആശുപത്രിയിൽനിന്ന് മൃതദേഹം എകെജി പഠന ഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെത്തെ പൊതുദർശനംത്തിനു ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിക്കും. തുടർന്ന് നാളെ രാവിലെ ദർബാർ ഹോളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.മറ്റന്നാള്‍ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുക്കാട്ടില്‍ ആണ് സംസ്‌കാരം നടത്തുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here