കേരള ഹൈക്കോടതിയിലേക്കുള്ള ജസ്റ്റിസ് നിഷാ ഭാനുവിൻ്റെ സ്ഥലംമാറ്റം ചർച്ചയാകുന്നു; റദ്ദാക്കണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ് കട്ജു

മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് നിഷാ ഭാനുവിനെ കാരണം കാണിക്കാതെ കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടിയെ തുറന്നെതിർത്ത് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ് കാട്ജു. മദ്രാസ് കൊളീജിയത്തിലും ഉൾപ്പെട്ട ജസ്റ്റിസ് ഭാനു കേരളത്തിൽ എത്തുമ്പോൾ സീനിയോറിറ്റിയിൽ ഒമ്പതാമതോ അതിലും താഴെയോ ആകും. ഒരു വീശദീകരണവും തേടാതെയാണ് സുപ്രീം കോടതി കൊളീജിയം ഈ നടപടി എടുത്തതെന്നും ഇത് റദ്ദാക്കണമെന്നും ജസ്റ്റിസ് കട്ജു ആവശ്യപ്പെട്ടു.
2004-2005 കാലത്ത് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന തനിക്ക് നിഷാ ഭാനുവിനെ അറിയാമെന്നും അന്ന് മധുര ബെഞ്ചിൽ പ്രാക്ടീസ് ചെയ്തിരുന്ന അവർ നിയമത്തെക്കുറിച്ച് നല്ല കഴിവുറ്റ അഭിഭാഷകയായിരുന്നു എന്നും ജസ്റ്റിസ് കട്ജു അനുസ്മരിച്ചു. പിന്നീട് ജഡ്ജിയായ ശേഷവും അവരുടെ പ്രവർത്തനത്തെക്കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല. അടുത്തിടെ താൻ തമിഴ്‌നാട്ടിൽ പോയപ്പോൾ ഒരുപാട് അഭിഭാഷകരുമായി സംസാരിച്ചെങ്കിലും ആരും അവർക്കെതിരെ ഒരു പരാതിയും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥലംമാറ്റം ശുപാർശ ചെയ്യുന്നതിന് മുമ്പ് സുപ്രീം കോടതി കൊളീജിയം അവർക്കെതിരെ എന്തെങ്കിലും പരാതി അറിയിച്ചിരുന്നോ, അല്ലെങ്കിൽ വിശദീകരണം തേടിയിരുന്നോ എന്ന് ജസ്റ്റിസ് നിഷാ ഭാനുവിനോട് താൻ ഫോണിൽ ചോദിച്ചെന്നും, ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്നും, ഈ നടപടി തനിക്ക് ഞെട്ടലുണ്ടാക്കിയെന്ന് ജസ്റ്റിസ് നിഷാ ഭാനു മറുപടി നൽകിയെന്നും ജസ്റ്റിസ് കട്ജു വിശദീകരിച്ചു. ലീഗൽ മാസ്റ്റ്റോസ് (legalmaestros.com) എന്ന ജേർണലിൽ എഴുതിയ കോളത്തിലൂടെയാണ് ജസ്റ്റിസ് കട്ജു അഭിപ്രായം രേഖപ്പെടുത്തിയത്.
കൊലപാതക്കേസിൽ പ്രതിയായ വ്യക്തിക്കും സ്വന്തം വാദം അവതരിപ്പിക്കാൻ അവസരമുള്ളപ്പോൾ ഹൈക്കോടതി ജഡ്ജിമാർ അതിലും മോശക്കാരാണോ? ശിക്ഷക്ക് മുമ്പ് അവരുടെ വാദം കേൾക്കാൻ അവസരമില്ലേ? ജഡ്ജിമാർക്കെതിരെ ആർക്കു വേണമെങ്കിലും വ്യാജപരാതി അയക്കാം. എന്നാൽ ജഡ്ജിയുടെ ഭാഗം കേൾക്കാതെ അത്തരം പരാതി അംഗീകരിച്ച് അതിൻ്റെ പേരിൽ നടപടിയെടുക്കുന്നത് ശരിയല്ല. ഇത് അഭിഭാഷകരുടെയും ജഡ്ജിമാരുടെയും മനോവീര്യം തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആത്മാഭിമാനികൾക്ക് അപമാനം മരണത്തേക്കാൾ കഠിനമാണെന്നും, അതുകൊണ്ട് തന്നെ ഇത്തരം സ്ഥലംമാറ്റം മരണശിക്ഷയേക്കാൾ മോശമാണെന്നും ഭഗവദ്ഗീത ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഉത്തരവ് മരവിപ്പിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്നും ജസ്റ്റിസ് ഭാനുവിനോട് വിശദീകരണം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാനും ജസ്റ്റിസ് കട്ജു സുപ്രീം കോടതി കൊളീജിയത്തോട് അഭ്യർഥിച്ചു. ഭാവിയിൽ ഹൈക്കോടതി ജഡ്ജിമാരെ സ്ഥലംമാറ്റുമ്പോൾ നടപടിക്രമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ ജസ്റ്റിസ് ഭാനു മെഡിക്കൽ അവധിയിലാണ്. നടപടി റദ്ദാക്കാൻ അവർ അഭ്യർത്ഥിച്ചതായും സൂചനയുണ്ട്. അതേസമയം ഉത്തരവ് പാലിക്കാത്ത ജഡ്ജിയുടെ നടപടി ധിക്കാരം ആണെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിലെ ഒരുകൂട്ടം അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തെഴുതിയിരുന്നു. എന്നാൽ കേരളത്തിലേക്കുളള ട്രാൻസ്ഫർ റദ്ദാക്കി അവരെ ആന്ധ്രയിലേക്ക് മാറ്റിയാൽ സീനിയോറിറ്റി നഷ്ടപ്പെടില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here